സിഡ്നി: അടുത്തിടെ അന്തരിച്ച തന്‍റെ പിതാവിനെ ഓര്‍ത്ത് സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ദേശീയഗാനം ആലപിക്കുന്നതിനിടെ കണ്ണീരണിഞ്ഞ മുഹമ്മദ് സിറാജ് ആരാധകര്‍ക്ക് നൊമ്പര കാഴ്ചയായിരുന്നു. അന്ന് ആരാധകരെപോലും കണ്ണീരണയിച്ച സിറാജ് മൂന്നാം ദിനം ബാറ്റിംഗിനിടെ ആരാധകരെ ചിരിപ്പിക്കുകയും ചെയ്തു.

അവസാന ബാറ്റ്സ്മാനായി ക്രീസിലെത്തിയ സിറാജ് രവീന്ദ്ര ജഡേജക്കൊപ്പം ഓസീസ് ലീഡ് 100ന് താഴെയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതിനിടെ പാറ്റ് കമിന്‍സിന്‍റെ പന്ത് നേരിടാനൊരുങ്ങിയ സിറാജ് ബൗണ്‍സറാകുമെന്ന പ്രതീക്ഷയില്‍ കമിന്‍സ് പന്ത് കൈയില്‍ നിന്ന് വിടും മുമ്പെ പിച്ചില്‍ കുനിഞ്ഞിരുന്ന് ആരാധകരെ ചിരിപ്പിക്കുകയും ചെയ്തു.

പന്തെറിഞ്ഞ കമിന്‍സും സിറാജ് നേരത്തെ കുനിഞ്ഞിരിക്കുന്നത് കണ്ട് ചിരിച്ചു. സിറാജും ആ ചിരിയില്‍ പങ്കുചേര്‍ന്നു. ഇന്ത്യന്‍ ഇന്നിംഗ്സിലെ 101-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു രസകരമായ സംഭവം.എന്നാല്‍ സിറാജിന്‍റെ അതിജീവനം അധികം നീണ്ടില്ല. ആ ഓവറിലെ നാലാം പന്തില്‍ സിറാജ് കമിന്‍സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 244 റണ്‍സില്‍ അവസാനിച്ചു.