ഓഗസ്റ്റ് 7-ന് തിരുവനന്തപുരത്ത് പരസ്യചിത്ര പ്രകാശനം നടക്കും. ഷാജി കൈലാസും സുരേഷ് കുമാറും വീണ്ടും ഒന്നിക്കുന്നു.

തിരുവനന്തപുരം: കേരളക്കരയുടെ ക്രിക്കറ്റ് ആവേശം ഇരട്ടിയാക്കാന്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യ ചിത്രത്തിന്റെ പ്രകാശനം ഓഗസ്റ്റ് 7-ന് തിരുവനന്തപുരത്ത് നടക്കും. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുന്ന പരസ്യചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ആറാം തമ്പുരാന്റെ' ശില്പികളായ സംവിധായകന്‍ ഷാജി കൈലാസും നിര്‍മ്മാതാവ് സുരേഷ് കുമാറും കെസില്‍ പരസ്യത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പ്രശസ്ത പരസ്യസംവിധായകന്‍ ഗോപ്‌സ് ബെഞ്ച്മാര്‍ക് ആണ് പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ''ആവേശ ക്രിക്കറ്റ്, AT ITS BEST' എന്ന ത്രസിപ്പിക്കുന്ന ആശയമാണ് ഗോപ്‌സ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍ ഓഗസ്റ്റ് 7-ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിലാകും പരസ്യചിത്രം പുറത്തിറക്കുക. കെസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മോഹന്‍ലാല്‍ തന്റെ താരപ്രഭ കൊണ്ട് ക്രിക്കറ്റ് ലീഗിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.

നേരത്തെ, കെസിഎല്‍ സീസണ്‍-2 ന്റെ ഗ്രാന്‍ഡ് ലോഞ്ചിനോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഈ വന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍, പുതിയ പരസ്യ ചിത്രം ഒരു തരംഗമായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

പരസ്യ ചിത്രത്തിന്റെ വരവോടെ കെസിഎല്‍ സീസണ്‍ 2-ന്റെ ആരവം വാനോളമുയരുമെന്നും ടൂര്‍ണമെന്റിന് ആവേശോജ്ജലമായ തുടക്കം കുറിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. കളിക്കളത്തിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്ക് പുറമെ, താരത്തിളക്കത്താല്‍ സമ്പന്നമായ പ്രചാരണ പരിപാടികള്‍ കൂടി ചേരുന്നതോടെ കെസിഎല്‍ രണ്ടാം സീസണ്‍ ഒരു വന്‍ വിജയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

YouTube video player