ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഭാവിയെക്കുറിച്ച് മുൻ താരങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം. താരത്തിന് ടെക്നിക്ക് ഇല്ലെന്ന് മോണ്ടി പനേസർ വിമർശിക്കുമ്പോൾ, മൈക്കൽ ക്ലാർക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ലണ്ടന്‍: ഇന്ത്യന്‍ കൗമാരതാരം വൈഭവ് സൂര്യവംശി തന്റെ ടി20 പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ചെറിയ സ്‌കോറുകള്‍ മാത്രമാണ് നേടിയതെങ്കിലും, സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സ്വന്തമാക്കിക്കൊണ്ട് താരം തന്റെ വൈറ്റ് ബോള്‍ മികവ് തെളിയിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 151 റണ്‍സാണ് 15 കാരനായ ഈ താരം അടിച്ചുകൂട്ടിയത്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സൂര്യവംശിയുടെ ഭാവിയെക്കുറിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ മുന്‍ കളിക്കാരും വിദഗ്ധരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ താരം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും, ടെസ്റ്റ് ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സൂര്യവംശി തിളങ്ങുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് പനേസറുടെ പക്ഷം.

ആ ഫോര്‍മാറ്റിന് ആവശ്യമായ ടെക്‌നിക് താരത്തിനില്ലെന്നാണ് അദ്ദേഹം കരുതുന്നത്. ''സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ടെസ്റ്റിലും ടി20യിലും നിലവില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഹാരി ബ്രൂക്ക് മാത്രമാണുള്ളത്. എന്നാല്‍ സൂര്യവംശിക്ക് അതിനുള്ള സാങ്കേതിക തികവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.'' മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ പറഞ്ഞു. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനുള്ളത്.

എബി ഡി വില്ലിയേഴ്‌സ്, വിരാട് കോലി തുടങ്ങിയ താരങ്ങളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, ടെസ്റ്റ് ക്രിക്കറ്റിലും സൂര്യവംശി തിളങ്ങുമെന്ന് ക്ലാര്‍ക്ക് പിന്തുണച്ചു. 'ഇനിയും മൂന്ന് ഫോര്‍മാറ്റുകളിലും ഒരുപോലെ കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. വിരാട് കോലിയും എബി ഡി വില്ലിയേഴ്‌സും അത് തെളിയിച്ചതാണ്. ഈ കളിക്കാര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളും അതുപോലെ അവിശ്വസനീയമായ ടി20 കളിക്കാരും ആയിരുന്നു. ഈ തലമുറയില്‍ നിന്നുള്ള ഒരു കളിക്കാരനായ സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാന്‍ കഴിഞ്ഞാല്‍, അത് കാണാന്‍ കഴിയുന്നത് അത്ഭുതകരമായിരിക്കും.'' ക്ലാര്‍ക്ക് പറഞ്ഞു.

YouTube video player