പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും ഐപിഎല്ലും ഒരേ സമയം നടക്കുന്നതിനാല്‍ വിദേശ താരങ്ങള്‍ പിഎസ്എല്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുന്നു. കോര്‍ബിന്‍ ബോഷ്, ബ്ലെസിംഗ് മുസറബാനി തുടങ്ങിയ പ്രമുഖര്‍ ഇതിനകം ടീം വിട്ടുകഴിഞ്ഞു. 

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗിനെ പ്രതിസന്ധിയിലാക്കി പ്രമുഖ താരങ്ങളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്രവേശനം. കഴിഞ്ഞ രണ്ട് സീസീണുകളിലായി ഐ.പി.എല്ലും പി.എസ്.എല്ലും ഒരേ സമയത്ത് നടക്കുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഐപിഎല്ലില്‍ പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരായി അവസരം ലഭിക്കുമ്പോള്‍, പാകിസ്ഥാനിലെ കരാര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാനാണ് വിദേശ താരങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ടി20 ലോകകപ്പിനെത്തുടര്‍ന്ന് ഇത്തവണത്തെ പിഎസ്എല്‍ ഷെഡ്യൂള്‍ നീണ്ടുപോയതാണ് ഐപിഎല്ലുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവെച്ചത്.

ബോഷ് മുതല്‍ ഷനക വരെ

പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോയ ആദ്യ പ്രമുഖ താരം ദക്ഷിണാഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് ആണ്. 2025-ല്‍ പെഷവാര്‍ സാല്‍മിയുമായി കരാറിലായിരുന്ന ബോഷ്, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ചേരാനായി പിഎസ്എല്‍ വിടുകയായിരുന്നു. ഇതിനെതിരെ പിസിബി നിയമനടപടി സ്വീകരിക്കുകയും താരത്തിന് ഒരു വര്‍ഷത്തെ വിലക്കും പിഴയും ഏര്‍പ്പെടുത്തുകയും ചെയ്തു. 2026 സീസണിലും ഇത്തരത്തില്‍ സംഭവിക്കുന്നു. ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടി ഒപ്പിട്ടിരുന്ന ബ്ലെസിംഗ് മുസറബാനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേരാനായി കരാര്‍ റദ്ദാക്കി. മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനായാണ് സിംബാബ്വെ താരം കൊല്‍ക്കത്തയിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീലങ്കന്‍ താരം ദസുന്‍ ാനക രാജസ്ഥാന്‍ റോയല്‍സില്‍ ചേരാനൊരുങ്ങുകയാണ്. സാം കറന് പകരക്കാരനായാണ് ഷാനക എത്തുന്നത്. ലാഹോര്‍ ഖലന്ദേഴ്‌സിലായിരുന്നു ഷനക കളിക്കേണ്ടിയിരുന്നത്. ഈ പട്ടിക ഇനിയും നീളാനാണ് സാധ്യത. വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ഗുഡകേഷ് മോട്ടി ലാഹോര്‍ ഖലന്ദേഴ്‌സില്‍ നിന്ന് പിന്മാറിക്കഴിഞ്ഞു. താരം ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഓസ്ട്രേലിയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സുമായുള്ള കരാര്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നഥാന്‍ എല്ലിസിന് പകരക്കാരനായി ജോണ്‍സണ്‍ എത്തിയേക്കും.

ഐപിഎല്ലിന്റെ സാമ്പത്തിക കരുത്തും താരപ്രഭയുമാണ് വിദേശ താരങ്ങളെ പിഎസ്എല്ലില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നത്. ഈ പ്രവണത പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നല്‍കുന്നത്.

YouTube video player