ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യൻ പേസ് നിര ശക്തമാണെന്ന് ബോളിംഗ് കോച്ച് മോണെ മോർക്കൽ. മുഹമ്മദ് സിറാജ് നയിക്കുന്ന യുവനിരയ്ക്ക് ലങ്കൻ സാഹചര്യങ്ങളിലെ ചൂടും ഈർപ്പവും മറികടന്ന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ പേസ് നിര അനുഭവസമ്പത്ത് കുറഞ്ഞതാണെങ്കിലും കാര്യങ്ങള്‍ ആവേശത്തോടെയാണ് കാണുന്നതെന്ന് ബോളിംഗ് കോച്ച് മോണെ മോര്‍ക്കല്‍. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് നയിക്കുന്ന ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ വലിയ പരിചയസമ്പത്തില്ല. പ്രസിദ്ധ് കൃഷ്ണ ഏഴ് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഗുര്‍നൂര്‍ ബ്രാറും അക്വിബ് നബിയുമാകട്ടെ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടുമില്ല.

എന്നിരുന്നാലും, ലങ്കന്‍ സാഹചര്യങ്ങളിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ഈ പേസ് നിരയ്ക്കുണ്ടെന്ന് മോര്‍ക്കല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഈ ഒരു സാഹചര്യം ആവേശത്തോടെയാണ് ഞാന്‍ കാണുന്നത്. ഈ താരങ്ങളെല്ലാം അവരുടെ ബോളിംഗ് മികവ് ഏറെ വളര്‍ത്തിയിട്ടുണ്ട്. അധികമായിട്ടില്ല, ഇന്ത്യ എ ടീമിനൊപ്പം ഗുര്‍നൂര്‍ ബ്രാര്‍ ഉള്‍പ്പെടുന്ന ബൗളിംഗ് നിര വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വിദേശ സാഹചര്യങ്ങളെക്കുറിച്ച് അവന് നല്ല ധാരണയുണ്ട്. പ്രസിദ്ധും സിറാജും നാട്ടിലെ കടുത്ത ബോളിംഗ് സാഹചര്യങ്ങളില്‍ ധാരാളം ക്രിക്കറ്റ് കളിച്ചവരാണ്.'' മോര്‍ക്കല്‍ പറഞ്ഞു.

ശ്രീലങ്കന്‍ സാഹചര്യങ്ങളില്‍ സാധാരണയായി സ്പിന്നര്‍മാരാണ് ആധിപത്യം പുലര്‍ത്താറുള്ളതെങ്കിലും, പന്ത് പഴകുമ്പോഴും ചെറിയ സ്‌പെല്ലുകളിലൂടെയും പേസര്‍മാര്‍ പിന്തുണ നല്‍കേണ്ടതുണ്ട്. കടുത്ത ചൂടും ഈര്‍പ്പവുമജമാണ് പ്രധാന വെല്ലുവിളിയെന്നും, 20 മുതല്‍ 35 ഓവറുകള്‍ കഴിയുമ്പോള്‍ പന്ത് പഴയതാകുമെന്നത് സ്വാഭാവികമാണെന്നും മോര്‍ക്കല്‍ വ്യക്തമാക്കി. ഈ ഘട്ടങ്ങളില്‍ ക്രീസ് ഉപയോഗിക്കുന്നതിലും ഷോര്‍ട്ട് ബോളുകള്‍ എറിയുന്നതിലും താരങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ആവശ്യപ്പെടുന്നത്.

''ഇവിടെ വരുമ്പോള്‍ നമ്മുടെ കഴിവും പ്ലാനിംഗും കൃത്യമായിരിക്കണം, എങ്കിലും ഏറ്റവും വലിയ വെല്ലുവിളി ചൂടും ഈര്‍പ്പവുമായിരിക്കും. 20-35 ഓവറുകള്‍ക്ക് ശേഷം പന്ത് മൃദുവാകും. അത് പ്രതീക്ഷിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്രീസ് എങ്ങനെ ഉപയോഗിക്കണം, ഷോര്‍ട്ട് ബോളുകള്‍ എങ്ങനെയെറിയണം എന്നതിലൊക്കെ നാം കൂടുതല്‍ ബുദ്ധിപരമായി ചിന്തിക്കണം. സാഹചര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കി വലിയ ഊര്‍ജത്തോടെ അത് നടപ്പിലാക്കാന്‍ കഴിയണം.'' അദ്ദേഹം കൂട്ടിചേര്‍ത്തു.

YouTube video player