ഇന്ത്യൻ ബാറ്റിങ് നിരയുടെ കാര്യത്തിൽ ചില തെരഞ്ഞെടുപ്പ് പ്രതിസന്ധികൾ തീർച്ചയായും ഉണ്ടാകും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരും ടീമിലുണ്ട്.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകാനിരിക്കെ ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ടീമിലെ വൈസ് ക്യാപ്റ്റനായ തിലക് വർമയുടെ ബാറ്റിങ് പൊസിഷനും പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും പ്ലേയിങ് ഇലവന്‍റെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാമെന്ന് യൂട്യൂബ് ചാനലിൽ സംസാരിക്കവെ ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ബാറ്റിങ് നിരയുടെ കാര്യത്തിൽ ചില തെരഞ്ഞെടുപ്പ് പ്രതിസന്ധികൾ തീർച്ചയായും ഉണ്ടാകും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരും ടീമിലുണ്ട്. അവിടെയാണ് തിലക് വർമയുടെ കാര്യത്തിൽ പ്രശ്നം വരുന്നത്. ടീമിന്‍റെ ബാലൻസ് ശരിയാക്കുക എന്നത് അൽപം സങ്കീർണ്ണമാണ്. തിലക് വർമ എവിടെ ബാറ്റ് ചെയ്യുമെന്നും ഡിവില്ലിയേഴ്സ് ചോദിച്ചു. ടി20 ലോകകപ്പിന് ശേഷം കളിച്ച 10 ഇന്നിങ്സുകളിൽ നിന്ന് 159.36 സ്ട്രൈക്ക് റേറ്റിൽ 255 റൺസാണ് തിലക് വർമ നേടിയത്. എന്നാൽ, ഇതിൽ മൂന്ന് തവണ മാത്രമാണ് അർധസെഞ്ചുറി കടക്കാനായത് എന്നതും തിലകിന്‍റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയുടേത് വളരെ കരുത്തുറ്റ സ്ക്വാഡാണെന്ന് വ്യക്തമാക്കിയ ഡിവില്ലിയേഴ്സ്, അപകടകാരികളായ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോൾ ഓരോ താരത്തിനും തങ്ങളുടെ റോളിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്നും കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ.
