അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലുള്ള ഹോസ്റ്റ് ഡ്രസ്സിങ് റൂം അഫ്ഗാൻ താരങ്ങളും, പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള സന്ദർശക ഡ്രസ്സിങ് റൂം ഇന്ത്യൻ താരങ്ങളും ഉപയോഗിക്കും.

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂര്‍വതക്ക് ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷിയാവും. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം ഉപയോഗിക്കുക അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സന്ദര്‍ശക ഡ്രസ്സിംഗ് റൂം ആയിരിക്കും.

പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും, ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണെന്നതിനാലാണിത്. ക്രിക്കറ്റ് പ്രോട്ടോക്കോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസ്സിങ് റൂം അനുവദിക്കുക. ഇതുകൊണ്ടാണ് മത്സരത്തിന്‍റെ ഔദ്യോഗിക ആതിഥേയരായ അഫ്ഗാനിസ്ഥാന് ഹോം ഡ്രസ്സിങ് റൂമും ഇന്ത്യൻ ടീമിന് സന്ദർശകരുടെ ഡ്രസ്സിങ് റൂമും ലഭിച്ചത്.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലുള്ള ഹോസ്റ്റ് ഡ്രസ്സിങ് റൂം അഫ്ഗാൻ താരങ്ങളും, പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള സന്ദർശക ഡ്രസ്സിങ് റൂം ഇന്ത്യൻ താരങ്ങളും ഉപയോഗിക്കും. ഡ്രസ്സിങ് റൂം മാത്രമല്ല, ടോസ് ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ഇന്ത്യയെ സന്ദര്‍ശക ടീമായിട്ടായിരിക്കും പരിഗണിക്കുക.

Scroll to load tweet…

സ്വന്തം രാജ്യത്ത് സുരക്ഷാ-അടിസ്ഥാനസൗകര്യ വെല്ലുവിളികൾ ഉള്ളതിനാൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഹോം മത്സരങ്ങൾ മറ്റ് രാജ്യങ്ങളിലാണ് നടത്താറുള്ളത്. എന്നാൽ ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ഔദ്യോഗിക ആതിഥേയരാകുന്നതും, ഇന്ത്യൻ ടീം വിസിറ്റിങ് ഡ്രസ്സിങ് റൂമിലേക്ക് മാറുന്നതും ഇതാദ്യമായാണ്. സെപ്റ്റംബർ 13-നാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം നടക്കുന്നത്. 15, 17 തീയതികളിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും. മൂന്ന് മത്സരങ്ങൾക്കും വേദിയാവുന്നത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക