ചെന്നൈയിലെ സത്യം സിനിമാസില്‍ ടീം അംഗങ്ങള്‍ക്കൊപ്പം മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് കാണാനെത്തി എം എസ് ധോണി.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ എം എസ് ധോണി സൂപ്പര്‍ കൂള്‍ മൂഡിലാണ്. ക്യാപ്റ്റന്‍റെ ഉത്തരവാദിത്തങ്ങളെല്ലാം യുവതാരം റുതരുരാജ് ഗെയ്ക്‌വാദിന് കൈമാറിയ ധോണി കഴിഞ്ഞ ദിവസം ചെന്നൈയിലെ സത്യം സിനിമാസില്‍ ടീം അംഗങ്ങള്‍ക്കൊപ്പം മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് കാണാനെത്തിയതാണ് പുതിയ വാര്‍ത്ത. സത്യം സിനിമാസില്‍ നിന്ന് ധോണി ടീം അംഗങ്ങളായ ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മഞ്ഞുമ്മല്‍ ബോയ്സ് സത്യം സിനിമാസില്‍ ഇപ്പോഴും നാലു ഷോ പ്രദര്‍ശനമുണ്ട്. അജയ് ദേവ്ഗണ്‍ നായകനായ ശെയ്ത്താന്‍, ഹോളിവുഡ് ചിക്രം ഡ്യൂണ്‍-2,എന്നിവയും സത്യം സിനിമാസില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും നാലു ഷോയുള്ള ചിത്രങ്ങള്‍ ജി വി പ്രകാശ് നായകനായ റിബലും മലയാളത്തിന്‍റെ മഞ്ഞുമ്മല്‍ ബോയ്സും മാത്രമാണ്.
തിയറ്ററില്‍ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകര്‍ ആര്‍പ്പുവിളികളോടെ ചെന്നൈയുടെ തലയെ വരവേറ്റത്. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ധോണിയെ കാണാനും ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തുടക്കമിട്ടിരുന്നു. മത്സരത്തില്‍ വിക്കറ്റ് കീപ്പറായിരുന്നെങ്കിലും ധോണി ബാറ്റിംഗിന് എത്തിയിരുന്നില്ല. 26ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈയിലാണ് സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ് പരിഭാഷയില്ലാതെ തന്നെ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 50 കോടിയലിധം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടിയത്. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 200 കോടി പിന്നിട്ടിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം 200 കോടി കളക്ട് ചെയ്യുന്നത്.
