ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ദൈവമാണെങ്കില്‍ ആ ദൈവത്തിന് ലോക കിരീടം നേടിക്കൊടുത്ത നായകനാണ് എം എസ് ധോണി

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍. ഇന്ത്യയുടെ ലോക കിരീടത്തിനൊപ്പം ധോണിയുടെ ജന്മദിനവും ആഘോഷിക്കുന്ന ആരാധകര്‍ ഡബിള്‍ ഹാപ്പിയിലാണ്. 

ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ദൈവമാണെങ്കില്‍ ആ ദൈവത്തിന് ലോക കിരീടം നേടിക്കൊടുത്ത നായകനാണ് എം എസ് ധോണി. ക്രിക്കറ്റിന്‍റെ എല്ലാ ലോക കിരീടങ്ങളും ഇന്ത്യയ്ക്ക് നേടി തന്ന ഒരേയൊരു നായകന്‍. ആരാധകരുടെ പ്രിയപ്പെട്ട 'തല'യ്ക്ക് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാളാണ്. 2007 ഏകദിന ലോകകപ്പ് ദുരന്തത്തില്‍ നിന്നാണ് ധോണിയെന്ന നായകന്‍ ജനിക്കുന്നത്. അതേ കൊല്ലത്തെ ട്വന്‍റി 20 കിരീടം നേടിത്തന്ന് ലോക ക്രിക്കറ്റില്‍ എംഎസ്‌ഡി വരവറിയിച്ചു. പിന്നാലെ 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ചു. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ടീം ഇന്ത്യ നേടി. 

വിക്കറ്റ് കീപ്പറുടെ ഗ്ലൗവണിഞ്ഞ് വിക്കറ്റിന് പിന്നില്‍ ധോണ് കാട്ടിയ അത്ഭുതങ്ങള്‍ക്ക് കണക്കില്ല. എതിരാളിയെ കുഴയ്ക്കുന്ന തീരുമാനങ്ങളെടുക്കാനും ധോണി മിടുമിടുക്കനാണ്. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സര്‍പ്രൈസായി വിരമിച്ച ധോണിയെ ആരാധകര്‍ കളത്തില്‍ കാണുന്നത് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മാത്രം. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിലും ധോണിയുടെ പടുകൂറ്റന്‍ സിക്സറുകള്‍ മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ചെന്നെത്തുന്നയിടമെല്ലാം തന്‍റെ ഇടമാക്കി അയാള്‍ മുന്നേറുകയാണ്. വലിയ ആരാധകക്കൂട്ടമാണ് ധോണിയെ പിന്തുടരുന്നത്. അവരെ ആവേശത്തിലാക്കുകയാണ് ഇപ്പോഴും ധോണി. അതിനാല്‍ ധോണിയുടെ പിറന്നാള്‍ ആരാധകര്‍ക്ക് വലിയ ആഘോഷമാണ്. 

90 ടെസ്റ്റുകളില്‍ 4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ട്വന്‍റി 20കളില്‍ 1617 റണ്‍സുമാണ് എം എസ് ധോണിയുടെ പേരിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ 10 സെഞ്ചുറികളും 108 അര്‍ധസെഞ്ചുറികളും സ്വന്തം. ഐപിഎല്ലില്‍ 264 മത്സരങ്ങളില്‍ 24 അര്‍ധസെഞ്ചുറികളോടെ 5243 റണ്‍സും ധോണിക്കുണ്ട്. 829 പുറത്താക്കലുകളില്‍ പങ്കാളിയായി വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനം ധോണിക്കുണ്ട്. ഇതില്‍ 634 എണ്ണം ക്യാച്ചുകളും 195 എണ്ണം സ്റ്റംപിംഗുകളുമാണ്.

Read more: കോപ്പയില്‍ ബൈ ബൈ ബ്രസീല്‍; ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍, ഗോളി ഹീറോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം