ദില്ലി: ശിശുദിനത്തില്‍ പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തി ഭക്ഷണം നല്‍കുന്ന എം എസ് ധോണിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ഹിന്ദു ആചാരപ്രകാരമുള്ള ചോറൂണ് ചടങ്ങാണ്(ആദ്യമായി കട്ടിയുള്ള ഭക്ഷണം നല്‍കുന്ന ചടങ്ങ്) ആണ് ധോണി നടത്തിയത്. ഭക്ഷണം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് അത് അവളോട് തന്നെ ചോദിക്കണമെന്നും ധോണി വീഡിയോയില്‍ പറയുന്നുണ്ട്. ധോണിയുടെ മടിയിലിരുന്ന് ചോറുണ്ണാന്‍ ഭാഗ്യം കിട്ടിയ കുഞ്ഞാണിതെന്ന് പിന്നണിയില്‍ ആരോ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി റാഞ്ചിയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ ഡ്രസ്സിംഗ് റൂമിലെത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും കളിക്കാതിരുന്ന ധോണി കൊല്‍ക്കത്തയില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കമന്റേറ്റററായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

ഇന്ത്യന്‍ ടീമിലേക്ക് എന്ന് മടങ്ങിയെത്തുമെന്ന് ധോണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തിലും ധോണി ഇതുവരെ മനസുതുറന്നിട്ടില്ല.