റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദീര്‍ഘകാല സുഹൃത്ത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ ധോണി ആലോചിക്കുന്നില്ലെന്ന് ധോണിയുടെ സുഹൃത്തായ അരുണ്‍ പാണ്ഡെ പിടിഐയോട് പറഞ്ഞു.

ധോണി ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തിന്റെ വിമരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അരുണ്‍ പാണ്ഡെ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ ഇന്ന് യോഗം ചേരാനിരുന്നതായിരുന്നു.

എന്നാല്‍ ധോണിയടക്കമുള്ള ചില കളിക്കാരുടെ കാര്യത്തിലെ അവസാന നിമിഷത്തെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ഞായറാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ധോണിയുടെ വാണിജ്യ താല്‍പര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പോര്‍ട്സ് മാനേജ്മെന്റ് സ്ഥാപനമായ റിതി സ്പോര്‍ട്സുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ് അരുണ്‍ പാണ്ഡെ.