കരിയറിലെ വലിയ നേട്ടങ്ങൾക്കൊപ്പം തിരിച്ചടികളും വിമർശനങ്ങളും നേരിട്ടിട്ടുള്ള താരമാണ് വിരാട് കോലി

ദില്ലി: പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന ഒരേയൊരാൾ എം എസ് ധോണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി. കളിക്കളത്തിനകത്തും പുറത്തും ധോണി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. ഐപിഎല്‍ 2023 സീസണിന് മുന്നോടിയായാണ് കോലിയുടെ വാക്കുകള്‍. 

കരിയറിലെ വലിയ നേട്ടങ്ങൾക്കൊപ്പം തിരിച്ചടികളും വിമർശനങ്ങളും നേരിട്ടിട്ടുള്ള താരമാണ് വിരാട് കോലി. പ്രതിസന്ധി കാലത്തിലൂടെ കടന്നുപോയപ്പോൾ കുടുംബാംഗങ്ങൾക്കും ബാല്യകാല കോച്ചിനും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം പിന്തുണ നൽകിയ ഒരേയൊരാൾ എം എസ് ധോണി ആയിരുന്നുവെന്ന് കോലി പറയുന്നു. ക്രിക്കറ്ററെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ധോണിയുടെ വാക്കുകൾ പ്രചോദനമായി എന്നും കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പോഡ്‌കാസ്റ്റില്‍ പറഞ്ഞു. 2008 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമില്‍ ധോണിക്കൊപ്പം ചിലവഴിച്ച താരമാണ് കോലി. 2022 ജനുവരിയില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ തനിക്ക് സന്ദേശം അയച്ച ഒരേയൊരു താരം ധോണിയാണെന്നും കോലി വെളിപ്പെടുത്തി. 

മൂന്ന് വര്‍ഷത്തോളം നീണ്ട സെഞ്ചുറി വരള്‍ച്ചയില്‍ വലിയ വിമര്‍ശനം നേരിട്ട താരമാണ് വിരാട് കോലി. കോലിക്ക് വിശ്രമം നല്‍കണമെന്നും ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെ ഇക്കാലത്ത് ആവശ്യമുയര്‍ന്നിരുന്നു. 2022 സെപ്റ്റംബറിലെ ഏഷ്യാ കപ്പിലൂടെയായിരുന്നു സെഞ്ചുറി വഴിയിലേക്ക് കോലി തിരിച്ചെത്തിയത്. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തില്‍ അഫ്ഗാനെതിരെയായിരുന്നു കോലിയുടെ കാത്തിരുന്ന ശതകം. കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122* റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. ഇതിന് ശേഷം ഏകദിനങ്ങളില്‍ ബംഗ്ലാദേശിനെതിരെ 113 ഉം ശ്രീലങ്കയ്‌ക്ക് എതിരെ 113 ഉം 166* റണ്‍സ് കോലി അടിച്ചുകൂട്ടി. 

കെ എല്‍ രാഹുല്‍ മാത്രമല്ല; ടീം സെലക്ഷനില്‍ ഇന്ത്യന്‍ ടീമിന് മൂന്ന് പ്രധാന തലവേദനകള്‍