സിഡ്നി: കുമാര്‍ സംഗക്കാര, മാര്‍ക്ക് ബൗച്ചര്‍, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയ സമകാലീനരായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ ഒരുപടി മുകളിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ സ്ഥാനമെന്ന് ഓസീസ് മുന്‍ താരവും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ ക്രിക്കറ്റിലും സമൂഹത്തിലും ധോണിയുണ്ടാക്കിയ സ്വാധീനം എക്കാലത്തും നിലനില്‍ക്കുമെന്നും ഗില്‍ക്രിസ്റ്റ് ഒരു ചാറ്റ് ഷോയില്‍ പങ്കെടുത്ത് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

എന്തുകൊണ്ടാണ് ധോണി മറ്റുള്ളവരേക്കാള്‍ മികച്ച താരമാകുന്നതെന്ന ചോദ്യത്തിനും ഗില്‍ക്രിസ്റ്റ് മറുപടി നല്‍കി. എന്റെ പേര് ഗില്ലി എന്നാണ്, സില്ലി എന്നല്ല. കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുള്ള ഒരു താരത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ധോണി തന്നെയാണ് മറ്റുള്ളവരെക്കാള്‍ മികച്ചവന്‍. അതിനുശേഷമെ സംഗക്കാരയും മക്കല്ലവും വരൂ എന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ബൗച്ചര്‍ക്ക് കണ്ണിന് പരിക്കേറ്റ് പകുതിവഴിയില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും അദ്ദേഹവും മഹാനായ താരമാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

കോടിക്കണക്കിന് ആരാധകരുടെ പ്രീതക്ഷകളുടെ ഭാരവുമായാണ് ധോണി ഓരോ തവണയും മത്സരത്തിനിറങ്ങുന്നത്. എന്നിട്ടും അക്ഷോഭ്യനായി ശാന്തതയോടെ നില്‍ക്കാനുള്ള കഴിവാണ് ധോണിയെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്. ധോണിയുടെ കിരയറിലെ വളര്‍ച്ച ഞാന്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ചിട്ടുണ്ട്. തട്ടുതകര്‍പ്പന്‍ സെഞ്ചുറിയുമായാണ് ധോണി രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ വരവറിയിച്ചത്. അദ്ദേഹത്തിന്റെ ആക്രമണശൈലിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.

കളിക്കളത്തിലും കളിക്കളത്തിന് പുറത്തും ധോണി പുലര്‍ത്തിയ ശാന്തതയും അസാമാന്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലും ഇന്ത്യന്‍ സമൂഹത്തിലും ധോണിയുടെ സ്വാധീനം ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.