Asianet News MalayalamAsianet News Malayalam

സെവന്‍സിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി! രോഹിത്തിന്റെ കട്ടൗട്ട് ഏറ്റെടുത്ത് മുംബൈ ഇന്ത്യന്‍സ്

രോഹിത്തിന്റെ കട്ടൗട്ട് മെഗാഹിറ്റായി. കാര്യവട്ടം സ്റ്റേഡിയത്തിന് മുന്നില്‍ സ്ഥാപിച്ച കട്ടൗട്ടിന്റെ ചിത്രം ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സും ഏറ്റെടുത്തു. മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. അതിന് ക്യാപ്ഷന്‍ കൊടുത്തതാവട്ടെ മലയാളത്തിലും.

Mumbai Indian shares huge cutout of Rohit Sharma with malayalam film dialogue
Author
First Published Sep 28, 2022, 11:14 AM IST

തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നഗരം ക്രിക്കറ്റ് ആവേശത്തിലാണ്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരത്തിലുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ണം. ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് വീഴും മുമ്പ് ഗ്യാലറി നിറയുമെന്നതില്‍ സംശയമൊന്നുമില്ല. രണ്ട് ദിവസം മുമ്പ് തന്നെ ഇഷ്ട താരങ്ങളുടെ വലിയ കട്ടൗട്ടകളുമായി ആരാധകരെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി, എം എസ് ധോണി, നിലവിലെ നായകന്‍ രോഹിത് ശര്‍മ, ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്‌റ്റേഡിയത്തിന് പരിസരത്ത് പൊങ്ങി. 

രോഹിത്തിന്റെ കട്ടൗട്ട് മെഗാഹിറ്റായി. കാര്യവട്ടം സ്റ്റേഡിയത്തിന് മുന്നില്‍ സ്ഥാപിച്ച കട്ടൗട്ടിന്റെ ചിത്രം ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സും ഏറ്റെടുത്തു. മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. അതിന് ക്യാപ്ഷന്‍ കൊടുത്തതാവട്ടെ മലയാളത്തിലും. അതും തല്ലുമാല സിനിമയിലെ സംഭാഷണം കടമെടുത്തുകൊണ്ട്. ഓള്‍ കേരള രോഹിത് ശര്‍മ ഫാന്‍സ് അസോസിയേഷന്‍ സ്ഥാപിച്ച കട്ടൗട്ടിന്റെ ചിത്രങ്ങള്‍ മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെ. ''അടികള്‍ പലവിധം, സെവന്‍സിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി. കേരളത്തിലേക്ക് സ്വാഗതം രോഹിത്!'' ഇത്രയുമാണ് ക്യാപ്ഷനില്‍ ഉണ്ടായിരുന്നത്. രോഹിത്തും ചിത്രത്തിന് ലൈക്കടിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം...

ഇന്ന് ഏഴ് മണിക്കാണ് മത്സരം. ഇന്ത്യയെ അലട്ടുന്നത് പ്ലയിംഗ് ഇലവനാണ്. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ വിശ്രമത്തിലായ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ഇലവനിലെത്താന്‍ മത്സരത്തിലുള്ളത്. പേസര്‍ അര്‍ഷ്ദീപ് സിംഗ് ടീമില്‍ തിരിച്ചെത്തുന്നുവെന്നുള്ളത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. അഞ്ച് ബൗളര്‍മാരെന്ന കോംബിനേഷനിലേക്ക് ഇന്ത്യക്ക് എത്തേണ്ടിവന്നേക്കാം. അല്ലെങ്കില്‍ അധിക ബൗളിംഗ് ഓള്‍റൗണ്ടറെ കണ്ടെത്തണം. ഹാര്‍ദിക്കിന്റെ സ്ഥാനത്ത് റിഷഭ് പന്ത് ഇടംപിടിച്ചേക്കും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.

Follow Us:
Download App:
  • android
  • ios