ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. രോഹിത് ശർമയുടെയും (78) റിയാൻ റിക്കിൾട്ടണിന്റെയും (81) ഇന്നിംഗ്‌സുകളാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്.
മുംബൈ: ഐപിഎല്ലില്‍ ജയത്തോടെ തുടങ്ങി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റ് ജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് അജിന്‍ക്യ രഹാനെ (40 പന്തില്‍ 67), അംഗ്ക്രിഷ് രഘുവന്‍ഷി (29 പന്തില്‍ 51) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിയാന്‍ റിക്കിള്‍ട്ടണ്‍ (43 പന്തില്‍ 81), രോഹിത് ശര്‍മ (38 പന്തില്‍ 78) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
ഗംഭീര തുടക്കമായിരുന്നു മുംബൈക്ക്. ഒന്നാം വിക്കറ്റില്‍ രോഹിത് - റിക്കിള്‍ട്ടണ്‍ സഖ്യം 148 റണ്‍സ് ചേര്‍ത്തിരുന്നു. 12-ാം ഓവറില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. രോഹിത്തിനെ വൈഭവ് അറോറ മടക്കി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ഇംപാക്ട് പ്ലെയറായി എത്തിയ സൂര്യകുമാര്‍ യാദവിന് (16) തിളങ്ങാനായില്ല. 16-ാം ഓവറില്‍ റിക്കിള്‍ട്ടണും മടങ്ങി. എട്ട് സിക്‌സും നാല് ഫോറും നേടിയ റിക്കിള്‍ട്ടണെ അനുകൂല്‍ റോയ് റണ്ണൗട്ടാക്കി. വിജയത്തിനടുത്ത് തിലക് വര്‍മ (20) വീണെങ്കിലും ഹാര്‍ദിക് പാണ്ഡ്യ (18), നമന്‍ ധിര്‍ (5) സഖ്യം മുംബൈയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, മികച്ച തുടക്കമാണ് രഹാനെ - അലന്‍ സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരുവരും 69 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ആറാം ഓവറില്‍ അലന്‍ പുറത്തായി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. വൈകാതെ രഹാനെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം 40 റണ്‍സ് ചേര്‍ക്കാനും രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 18 റണ്‍സെടുത്ത് ഗ്രീന്‍ മടങ്ങി. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രഹാനെയും.
രഘുവന്‍ഷിക്കൊപ്പം 36 റണ്‍സ് ചേര്‍ത്ത രഹാനെ അഞ്ച് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു. പിന്നീട് രഘുവന്‍ഷി - റിങ്കു സിംഗ് കൂട്ടിചേര്‍ത്ത 60 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രഘുവന്‍ഷി 19-ാം ഓവറില്‍ വീണു. 29 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടിയിരുന്നു. 21 പന്തില്‍ 33 റണ്‍സെടുത്ത റിങ്കു, രമണ്‍ദീപ് സിംഗിനൊപ്പം (4) പുറത്താവാതെ നിന്നു. നാല് വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഇതില്‍ മൂന്നും ഷാര്‍ദുല്‍ താക്കൂറാണ് നേടിയത്. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്താണ് ഷാര്‍ദുല്‍ മൂന്ന് പേരെ പുറത്താക്കിയത്. ഹാര്‍ദിക് മൂന്ന് ഓവറില്‍ 39 റണ്‍സ് നല്‍കി. ജസ്പ്രിത് ബുമ്ര നാല് ഓവറില്‍ 35 റണ്‍സ് വിട്ടുനല്‍കി.

