14 മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ മാത്രം നേടി പട്ടികയില്‍ ഏറ്റവും താഴെയായാണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്.

മുംബൈ: ഹാര്‍ദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യന്‍സിനെയും സംബന്ധിച്ചിടത്തോളം മോശം ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞുപോയത്. മുംബൈയ്ക്ക് അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക്കായിരുന്നു ടീമിനെ നയിച്ചിരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ നിരാശപ്പെടുത്തിയ ഹാര്‍ദിക്കിനെതിരെ ആരാധകര്‍ കൂവി വിളിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെ മികച്ച രീതിയില്‍ നയിക്കാനും ഹാര്‍ദിക്കിന് സാധിച്ചിരുന്നില്ല. ഗ്രൗണ്ടിലും കൂവലോടെയാണ് ഹാര്‍ദിക്കിനെ സ്വീകരിച്ചത്.

14 മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ മാത്രം നേടി പട്ടികയില്‍ ഏറ്റവും താഴെയായാണ് മുംബൈ സീസണ്‍ അവസാനിപ്പിച്ചത്. ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം എന്തുപറ്റിയെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക്. കഴിഞ്ഞ സീസണില്‍ വിജയിക്കുന്നതില്‍ ആയിരുന്നില്ല തന്റെ ശ്രദ്ധയെന്ന് തുറന്നുപറയുകയാണ് ഹാര്‍ദിക്. മുംബൈ ക്യാപ്റ്റന്റെ വാക്കുകള്‍.. ''എനിക്ക് ചുറ്റും എന്ത് സംഭവിച്ചാലും ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. വിജയിക്കുക എന്നതിനപ്പുറം അതിജീവിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. കരിയറില്‍ അങ്ങനെയുള്ള ചില സാഹചര്യങ്ങളും ഉണ്ടായിരിക്കാം. ആ നാളുകള്‍ കടന്നുപോകാന്‍ സമയമെടുത്തു. എന്നാല്‍ ടി20 ലോകകപ്പ് വിജയത്തിനുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. എനിക്ക് പിന്തുണയ്‌ക്കൊപ്പം സ്‌നേഹവും ലഭിച്ചുതുടങ്ങി. അതൊരു വഴിത്തിരിവായിരുന്നു.'' ഹാര്‍ദിക് വ്യക്തമാക്കി.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാമെന്നേറ്റ് താരം മുംബൈ ഇന്ത്യന്‍സില്‍; പിസിബി നിയമനടപടിക്ക്

ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് 2024 സീസണിലാണ് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരുന്നത്. അതിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ഹാര്‍ദിക്. രണ്ട് സീസണിന് ശേഷം ഹാര്‍ദിക് തിരിച്ചെത്തിയപ്പോള്‍ തന്നെ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുകയും ചെയ്തു. അതേസമയം ഐപിഎല്‍ 2025 സീസണിനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.