ഇപ്പോഴാണ് ആളുകള്‍ക്ക് മനസിലായത് ആരായിരുന്നു ഗുജറാത്തിന്‍റെ യഥാര്‍ത്ഥ ക്യാപ്റ്റനെന്ന് എന്നും മുംബൈ ആരാധകര്‍ പറയുന്നു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ജയം ഉറപ്പിച്ചിടത്തു നിന്ന് മുംബൈ ഇന്ത്യന്‍സ് അവിശ്വസനീയ തോല്‍വി വഴങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തന്ത്രങ്ങളെയും രോഹിത് അടക്കമുള്ള സഹതാരങ്ങളോടുള്ള ഇടപെടലുകളെയും വിമര്‍ശിക്കുന്ന തിരിക്കിലാണ് ആരാധകര്‍. എന്നാല്‍ ഗുജറാത്തിന്‍റെ അവിശ്വസനീയ വിജയത്തിന് ചുക്കാന്‍ പിടിച്ച് ബൗണ്ടറി ലൈനില്‍ ഓടി നടക്കുന്ന നെഹ്റാജിയെ ആരാധകര്‍ കാണാതിരിക്കുന്നില്ല.
തോല്‍വി ഉറപ്പിച്ചു നില്‍ക്കുമ്പോഴും എപ്പോഴും ബൗണ്ടറി ലൈനിനിന് അരികില്‍ നില്‍ക്കുന്ന ഫീല്‍ഡറുടെ ചെവിയില്‍ ഫുട്ബോള്‍ പരിശീലകനെപ്പോലെ ഓടിനടന്ന് ഉപദേശങ്ങള്‍ കൈമാറുന്ന നെഹ്റ ഇന്നലെ അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ 8 റണ്‍സ് വേണ്ടപ്പോഴും ഉപദേശം നല്‍കുന്നുണ്ടായിരുന്നു. നെഹ്റാജിയുടെ ആത്മാര്‍ത്ഥതയും ഇടപെടലുകളും കണ്ട മുംബൈ ആരാധകര്‍ ഇപ്പോള്‍ പറയുന്നത് കോടികള്‍ മുടക്കി ഹാര്‍ദ്ദിക്കിനെ ടീമിലെത്തിച്ചതിന് പകരം നെഹ്റയെ ടീമിലെത്തിച്ചാല്‍ മതിയായിരുന്നുവെന്നാണ്.
ഇപ്പോഴാണ് ആളുകള്‍ക്ക് മനസിലായത് ആരായിരുന്നു ഗുജറാത്തിന്‍റെ യഥാര്‍ത്ഥ ക്യാപ്റ്റനെന്ന് എന്നും ആരാധകര്‍ പറയുന്നു.ഡഗ് ഔട്ടിലിരിക്കുന്നത് ഗുജറാത്തിന്‍റെ പരിശീലകനല്ലെന്നും യഥാര്‍ത്ഥ ക്യാപ്റ്റനാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വര്‍ഷം ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിടാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ ഒരിക്കലും ഹാര്‍ദ്ദിക്കിനോട് പോവരുതെന്ന് പറഞ്ഞിട്ടില്ലെന്നും സ്പോര്‍ട്സ് എന്ന് പറഞ്ഞാല്‍ തന്നെ എപ്പോഴും മുന്നോട്ടു പോവുക എന്നതാണെന്നും ഫുട്ബോളിലും ഇത്തരത്തിലുള്ള ട്രാന്‍സ്ഫറുകള്‍ നടക്കാറുണ്ടെന്നുമായിരുന്നു.
ക്യാപ്റ്റന്‍സിയില്‍ പരിചയ സമ്പത്തില്ലാത്ത ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നെഹ്റ പറഞ്ഞത് ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്തിന്‍റെ ക്യാപ്റ്റനായതും ഇതുപോലെ ആദ്യമായിട്ടായിരുന്നുവെന്നായിരുന്നു. എന്തായാലും രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ എതിര്‍പ്പുള്ള മുംബൈ ആരാധകര്‍ ഇപ്പോള്‍ കൂട്ടത്തോടെ നെഹ്റാജിയെ വാഴ്ത്തുന്ന തിരക്കിലാണ്.
