ഇന്ന് വാംഖഡെയില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയും 200-ലധികം റണ്‍സ് സ്കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്ത ശേഷവും മുംബൈ ഇന്ത്യന്‍സ് തോല്‍വി സമ്മതിച്ചില്ല

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ തണുപ്പന്‍ തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായി കളംപിടിച്ച മുംബൈ ഇന്ത്യന്‍സ് ഒരു റെക്കോര്‍ഡ് കൈമോശം വരുത്തിയില്ല. ഐപിഎല്ലിന്‍റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ആദ്യം ബാറ്റ് ചെയ്ത് 200+ ടാര്‍ഗറ്റ് സ്കോര്‍ പടുത്തുയര്‍ത്തിയ ശേഷം തോല്‍വി വഴങ്ങാത്ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. എത്രത്തോളം കരുത്തുറ്റതായിരുന്നു ഈ സീസണുകളിലെല്ലാം മുംബൈയുടെ ബൗളിംഗ് ലൈനപ്പ് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍. 

ഇന്ന് മുംബൈയിലെ വാംഖഡെയില്‍ സ്വന്തം മൈതാനത്ത് ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയും 200-ലധികം റണ്‍സ് സ്കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്ത ശേഷം മുംബൈ തോല്‍വി സമ്മതിച്ചില്ല. ലക്നൗവിനെതിരെ 54 റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ചെയ്തത്. 

വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ 215/7 റണ്‍സ് പിന്തുടര്‍ന്ന ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നിശ്ചിത 20 ഓവറില്‍ 161 എന്ന സ്കോറില്‍ ഓള്‍ഔട്ടായി. 22 റണ്‍സിന് നാല് വിക്കറ്റുമായി മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് ലക്നൗവിനെ എറിഞ്ഞിട്ടത്. ഏയ്‌ഡന്‍ മാര്‍ക്രം, ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ‌്‌ദുല്‍ സമദ് എന്നിവരെ ബുമ്ര പുറത്താക്കി. ലക്നൗ നിരയില്‍ 35 റണ്‍സ് നേടിയ ആയുഷ് ബദോനിയും 34 നേടിയ മിച്ചല്‍ മാര്‍ഷും മാത്രമാണ് 30+ സ്കോര്‍ കണ്ടെത്തിയത്. ബുമ്രയുടെ നാലിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും വില്‍ ജാക്‌സ് രണ്ടും കോര്‍ബിന്‍ ബോഷ് ഒന്നും വിക്കറ്റ് മുംബൈക്കായി നേടി.

നേരത്തെ, അര്‍ധസെഞ്ച്വറികള്‍ അടിച്ചെടുത്ത റയാന്‍ റിക്കെള്‍ട്ടണും (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവുമാണ് (28 പന്തില്‍ 54) മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്കോറിലെത്താന്‍ അടിത്തറയിട്ടത്. നമാന്‍ ധിര്‍ (11 പന്തില്‍ 25*), കോര്‍ബിന്‍ ബോഷ് (10 പന്തില്‍ 20) എന്നിവരുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് മുംബൈയെ അനായാസം 200 കടത്തി. ലക്നൗവിനായി മായങ്ക് യാദവും ആവേഷ് ഖാനും രണ്ട് വീതവും, പ്രിന്‍സ് യാദവും ദിഗ്‌വേഷ് സിംഗ് രാത്തിയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റും വീഴ്ത്തി. 

Read more: കൊള്ളാവുന്നത് ഇതുവരെ ഒരേയൊരു ഇന്നിംഗ്സ്; വീണ്ടും പരാജയമായി 27 കോടിയുടെ റിഷഭ് പന്ത്, രൂക്ഷ വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം