രാജ്യം മുഴുവന്‍ മണ്‍സൂണിന്‍റെ പ്രഭാവത്തില്‍ മഴയില്‍ കുതിരുമ്പോഴും അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശമായിരുന്നു ഇന്നത്തെ കാലാവസ്ഥാ പ്രവചനമെങ്കിലും നിലവില്‍ അഹമ്മദാബാദില്‍ നേരിയ ചാറ്റല്‍ മഴ പെയ്യുന്നുവെന്ന വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഞായറാഴ്ച നടക്കുന്ന ക്വാളിഫയര്‍-2 പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടാനിറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30നാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. പഞ്ചാബ് കിംഗ്സ് ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ആറാം കിരിടത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയാണ് മുംബൈയുടെ ലക്ഷ്യം. വെള്ളിയാഴ്ച നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതോടെയടാണ് പഞ്ചാബ് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവന്നത്.

മഴമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായ ഐപിഎല്ലില്‍ ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലും മഴ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ ‌ഞായറാഴ്ചയിലെ മത്സരം മഴ കളി മുടക്കിയാല്‍ ആര് ഫൈനലിന് യോഗ്യത നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജ്യം മുഴുവന്‍ മണ്‍സൂണിന്‍റെ പ്രഭാവത്തില്‍ മഴയില്‍ കുതിരുമ്പോഴും അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശമായിരുന്നു ഇന്നത്തെ കാലാവസ്ഥാ പ്രവചനമെങ്കിലും നിലവില്‍ അഹമ്മദാബാദില്‍ നേരിയ ചാറ്റല്‍ മഴ പെയ്യുന്നുവെന്ന വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വൈകിട്ട് ഏഴരയോടെയാണ് ചാറ്റല്‍ മഴ ആരംഭിച്ചത്. മഴകാരണം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്.

Scroll to load tweet…

രണ്ടാം ക്വാളിഫയര്‍ പോരാട്ടം നടക്കുന്ന ഞായറാഴ്ച അഹമ്മദാബാദില്‍ 24 ശതമാനം മഴ സാധ്യത ഉണ്ടെന്ന വെതര്‍ ഡോട്ട് കോമിന്‍റെ കാലാവസ്ഥാ പ്രവചനവും ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്. എന്നാല്‍ മഴ കാരണം മത്സരം പൂര്‍ണമായും മുടങ്ങാനുള്ള സാധ്യത വിരളമാണെന്ന ആശ്വാസവാര്‍ത്തയും ഇതിനൊപ്പമുണ്ട്. ക്വാളിഫയര്‍ പോരാട്ടത്തിന് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്ലേ ഓഫ് മത്സരങ്ങൾ മഴ തടസപ്പെടുത്തിയാലും മത്സരം തുടങ്ങാന്‍ ഒരു മണിക്കൂര്‍ അധികസമയം ബിസിസിഐ അനുവദിച്ചിട്ടുമുണ്ട്. 

എന്നാല്‍ മഴമൂലം കളി പൂര്‍ണമായും മുടങ്ങിയാല്‍ പോയന്‍റ് പട്ടികയില്‍ മുന്നിലുള്ള ടീമായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഈ സാഹചര്യത്തില്‍ ഞായറാഴ്ചത്തെ മുംബൈ-പഞ്ചാബ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മുടക്കിയാല്‍ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സാവും ഫൈനലിന് യോഗ്യത നേടുക. ലീഗ് ഘട്ടത്തില്‍ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് പുറത്താവും. 

വെള്ളിയാഴ്ച നടന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ 20 റണ്‍സിന് വീഴ്ത്തിയാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ഗുറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഗുജറാത്തിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെ നേടാനായുള്ളു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക