നാറ്റ് സൈവർ ബ്രണ്ടും ഹെയ്‍ലി മാത്യൂസും മൂന്ന് വീതവും അമേലിയ കേർ രണ്ടും ഇസ് വോങ് ഒരു വിക്കറ്റും സ്വന്തമാക്കി

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ തുടർച്ചയായ അഞ്ചാം ജയവുമായി മുംബൈ ഇന്ത്യന്‍സ് വനിതകള്‍ പ്ലേ ഓഫില്‍. ഇന്ന് ഗുജറാത്ത് ജയന്‍റ്സിനെ 55 റണ്‍സിന് തോല്‍പിച്ചു. മുംബൈയുടെ 162 റണ്‍സ് പിന്തുടർന്ന ഗുജറാത്തിന് 20 ഓവറില്‍ 9 വിക്കറ്റിന് 107 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി മുംബൈ. ഗുജറാത്ത് താരങ്ങളില്‍ സബ്ബിനേനി മേഘ്ന(16), ഹർലീന്‍ ഡിയോള്‍(22), സ്നേഹ് റാണ(20), സുഷ്മ വർമ്മ(18) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. മുംബൈക്കായി നാറ്റ് സൈവർ ബ്രണ്ടും ഹെയ്‍ലി മാത്യൂസും മൂന്ന് വീതവും അമേലിയ കേർ രണ്ടും ഇസ് വോങ് ഒന്നും വിക്കറ്റ് സ്വന്തമാക്കി. വെടിക്കെട്ട് അർധസെഞ്ചുറി നേടിയ മുംബൈ ക്യാപ്റ്റന്‍ ഹർമന്‍പ്രീതാണ് കളിയിലെ താരം. 

മുന്നില്‍ നിന്ന് നയിച്ച് ഹർമന്‍

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 29 പന്തില്‍ അര്‍ധസെ‍ഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്(51 റണ്‍സ്) മുംബൈയുടെ ടോപ് സ്കോറര്‍. ഗുജറാത്ത് ജയന്‍റ്‌സിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്നും കിം ഗാര്‍ത്തും സ്നേഹ് റാണയും തനൂജ കന്‍വാറും ഓരോ വിക്കറ്റും നേടി.

ആദ്യ ഓവറില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് വനിതകളെ ഗുജറാത്ത് ജയന്‍റ്‌സ് വിറപ്പിക്കുന്നതാണ് ആരാധകര്‍ കണ്ടത്. മുംബൈയുടെ വിന്‍ഡീസ് സ്റ്റാര്‍ ബാറ്റ‍ര്‍ ഹെയ്‌ലി മാത്യൂസിനെ(0) ആഷ്‌ലി ഗാര്‍ഡ്‌നര്‍ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 74 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി നാറ്റ് സൈവ‍ര്‍ ബ്രണ്ട്-യാസ്‌തിക ഭാട്ടിയ സഖ്യം മുംബൈയെ കരകയറ്റി. കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുകയായിരുന്നു ഇരുവരും. 11-ാം ഓവറിലെ അവസാന പന്തില്‍ നാറ്റ് സൈവ‍ര്‍ ബ്രണ്ടിനെ(31 പന്തില്‍ 36) കിം ഗാര്‍ത് പുറത്താക്കുമ്പോള്‍ ടീം സ്കോര്‍ 75ലെത്തിയിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ ക്യാപ്റ്റന്‍ ഹ‍ര്‍മന്‍പ്രീത് കൗറുമായുള്ള ആശയക്കുഴപ്പത്തിനിടെ യാസ്‌തിക ഭാട്ട്യ റണ്ണൗട്ടായത് മുംബൈക്ക് തിരിച്ചടിയായി. 37 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം യാസ്‌തിക 44 നേടി.

ഇതിന് ശേഷം ക്രീസിലൊന്നിച്ച ഹ‍ര്‍മന്‍പ്രീത് കൗറും ആമേലിയ കേറും മുംബൈക്ക് മികച്ച സ്കോര്‍ ഉറപ്പിക്കുമെന്ന് തോന്നിച്ചു. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 124-3 മാത്രമായിരുന്നു മുംബൈയുടെ സ്കോര്‍. 17-ാം ഓവറിലെ അവസാന പന്തില്‍ അമേലിയ കേറിനെ(13 പന്തില്‍ 19) തനൂജ കന്‍വാറും തൊട്ടടുത്ത ഓവറില്‍ ഇസി വുങിനെ(1 പന്തില്‍ 0) സ്‌നേഹ് റാണയും മടക്കി. 19-ാം ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സിനായി ഓടുന്നതിനിടെ ഹുമൈറ കാസിയെ ബൗണ്ടറിലൈനില്‍ നിന്നുള്ള ത്രോയില്‍ ഹര്‍ലീന്‍ ഡിയോള്‍ പുറത്താക്കി. ആഷ്‌ലിയുടെ അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികളുമായി ഹര്‍മന്‍ 29 പന്തില്‍ ഫിഫ്റ്റി തികച്ചു. അടുത്ത പന്ത് സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ ഹര്‍ലീന്‍ ഡിയോളിന്‍റെ പറക്കും ക്യാച്ചില്‍ ഹര്‍മന്‍(30 പന്തില്‍ 51) മടങ്ങി. തൊട്ടടുത്ത പന്തില്‍ അമന്‍ജോത് കൗറും(1 പന്തില്‍ 0) മടങ്ങി.

രോഹിത്തിന് മുംബൈ ഇന്ത്യന്‍സിന്‍റെ കാര്യം മാത്രം നോക്കിയാല്‍പ്പോരാ; കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തം