ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സ്‌പിന്നര്‍മാരെ തുണച്ച പിച്ചുകളും സഹായിച്ചെങ്കില്‍ നിഷ്പക്ഷ വേദിയിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എളുപ്പമാകില്ല
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്‍പ് വലിയൊരു തലവേദന ബിസിസിഐക്കും സെലക്ടമാര്‍ക്കും ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനുമുണ്ട്. ഐപിഎല്ലിനിടെ ബൗളര്‍മാരുടെ, പ്രത്യേകിച്ച് പേസര്‍മാരുടെ ജോലിഭാരം ക്രമീകരിക്കേണ്ടി വരിക ടീം ഇന്ത്യക്ക് വെല്ലുവിളിയാകും. ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെയാണ് ഓസ്ട്രേലിയക്കെതിരായ പോരാട്ടം ഓവലില്‍ നടക്കുക എന്നതാണ് കാരണം.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സ്‌പിന്നര്‍മാരെ തുണച്ച പിച്ചുകളും സഹായിച്ചെങ്കില്‍ നിഷ്പക്ഷ വേദിയിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എളുപ്പമാകില്ല. ഐപിഎല്‍ ട്വന്‍റി 20 ഫൈനലിന് തൊട്ടുപിന്നാലെ ജൂൺ ഏഴിന് ഇംഗ്ലണ്ടിൽ തുടങ്ങുന്ന കലാശപ്പോരാട്ടത്തിലേക്ക് ബൗളര്‍മാരെ പരിക്കേൽക്കാതെ സംരക്ഷിക്കുക വെല്ലുവിളിയാകും. പ്രധാന പേസര്‍ ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് ഫൈനല്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ പരിക്കേല്‍ക്കാതെ കാക്കുകയാണ് പ്രധാന വെല്ലുവിളി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായതിനാല്‍ വിക്കറ്റ് കീപ്പർമാരുടെ ഫിറ്റ്‌നസും ഐപിഎല്ലിനിടെ സംരക്ഷിക്കുക പ്രധാനം. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ വിക്കറ്റ് കാത്ത കെ എസ് ഭരത് മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാല്‍ ആരെ വിക്കറ്റ് കീപ്പറാക്കണം എന്ന ആശങ്കയും ടീമിനുണ്ട്. അതിനാല്‍ ഐപിഎല്ലിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പ്രകടനവും കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗും നിര്‍ണായകമാകും.
ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ഒഴികെ ഇന്ത്യന്‍ ടീമിലെ എല്ലാവരും ഐപിഎല്ലില്‍ സജീവമാകും. മെയ് 21ന് ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ അവസാനിച്ചാൽ പ്ലേ ഓഫിന് യോഗ്യത നേടാത്ത ഫ്രാഞ്ചൈസികളിലെ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കാനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ പദ്ധതി. ഐപിഎല്ലിനിടയിലും ഓവലിലെ ഫൈനലിന് ഒരുങ്ങാൻ ബൗളര്‍മാരോട് ആവശ്യപ്പെടുമെന്നും ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലന്‍ഡ് ആണ് കിരീടം നേടിയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഐപിഎല്ലിനിടെ പേസര്‍മാര്‍ക്ക് പ്രത്യേക പരിശീലനത്തിന് വമ്പന്‍ നീക്കം
