ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. 54 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ഗുജറാത്ത് ജയന്റ്‌സിനെ ഒമ്പത് റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. 54 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 170ന് എല്ലാവരും പുറത്താവുകയായിരുന്നു. 25 പന്തില്‍ 61 റണ്‍സെടുത്ത ഭാര്‍ട്ടി ഫുള്‍മാനിയാണ് ടോപ് സ്‌കോറര്‍. അമേലിയ കേര്‍, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതമെടുത്തു. 

ഒരു ഘട്ടത്തില്‍ ആറിന് 92 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു മുംബൈ. ബേത് മൂണി (7), കഷ്വി ഗൗതം (10), ഹര്‍ലിന്‍ ഡിയോല്‍ (24), അഷ്‌ലി ഗാര്‍ഡ്‌നര്‍ (0), ഫോബെ ലിച്ച്ഫീല്‍ഡ് (22), ഡിയേന്ദ്ര ഡോട്ടിന്‍(10) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീടായിരുന്നു ഭാര്‍ട്ടിയുടെ മിന്നുന്ന പ്രകടനം. അവര്‍ ക്രീസിലുള്ളപ്പോള്‍ ഗുജറാത്തിന് വിജയപ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ 17-ാം ഓവറില്‍ അമേലിയ താരത്തെ മടക്കി. സിമ്രാന്‍ ഷെയ്ഖ് (18), തനൂജ കന്‍വാര്‍ (10), പ്രിയ മിശ്ര (1) എന്നിവരുടെ ഇന്നിംഗ്‌സ് പരാജയഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. മേഘ്‌ന സിംഗ് (1) പുറത്താവാതെ നിന്നു.

'സഞ്ജുവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ല'; നിലപാട് വ്യക്തമാക്കി കേരള കോച്ച് അമയ് ഖുറേസിയ

നേരത്തെ ഹര്‍മന്‍പ്രീതിന് പുറമെ ഹെയ്‌ലി മാത്യൂസ് (27), നതാലി സ്‌കിവര്‍ (38), അമന്‍ജോത് കൗര്‍ (27) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ കൂടിയാണ് മുബൈയെ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. തോറ്റെങ്കിലും ആദ്യ മൂന്നിലുണ്ട് ഗുജറാത്ത്. എട്ട് മത്സരങ്ങളും പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. എട്ട് മത്സരങ്ങളില്‍ 10 പോയിന്റുള്ള ഡല്‍ഹി കാപിറ്റല്‍സ് വനിതകളാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തും. മുംബൈക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ട്്. അവസാന മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിക്കാനായാല്‍ മുംബൈക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാം. ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ എലിമിനേറ്റര്‍ കളിക്കും.