ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നതിന് പിന്നാലെ സര്‍ഫറാസ് തന്‍റെ സന്തോഷം മറച്ചുവെച്ചതുമില്ല. തന്നെക്കാള്‍ മികച്ച ബാറ്റര്‍ മുഷീര്‍ ആണെന്നായിരുന്നു സര്‍ഫറാസ് പറഞ്ഞത്.
വിശാഖപട്ടണം: കാത്തിരിപ്പിനൊടുവില്‍ സര്‍ഫറാസ് ഖാനെ തേടി ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തിയിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും സര്‍ഫറാസിനെ തുടര്‍ച്ചയായി സെലക്ടര്‍മാര്‍ അവഗണിക്കുന്നത് ആരാധകരെ പോലും അസ്വസ്ഥരാക്കിയിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി മികച്ച പ്രകടനം നടത്തിയിട്ടും വിരാട് കോലിയുടെ അഭാവത്തില്‍ പോലും സര്‍ഫറാസിന് പകരം രജത് പാടീദാറിനെയാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്.
എന്നാല്‍ രണ്ടാം ടെസ്റ്റിനു മുമ്പ് കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജക്കും കൂടി പരിക്കേറ്റതോടെയാണ് സെലക്ടര്‍മാര്‍ ഒടുവില്‍ സര്‍ഫറാസിനെ ടീമിലെടുത്തത്. രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നുറപ്പില്ലെങ്കിലും ഇന്ത്യൻ ടീമിന്‍റെ വാതില്‍ സര്‍ഫറാസിന് മുന്നില്‍ തുറന്നതു തന്നെ വലിയ കാര്യമായാണ് ആരാധകര്‍ വിലയിരുത്തുന്നത്. സര്‍ഫറാസിന്‍റെ അനുജന്‍ മുഷീര്‍ ഖാന്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയതിന് പിന്നാലെയാണ് സര്‍ഫറാസിനെ തേടി ഇന്ത്യന്‍ ടീം വിളിയെത്തിയിരിക്കുന്നത് എന്നത് സര്‍ഫറാസിന്‍റെ കുടുംബത്തിന് ഇരട്ടിമധുരമായി.
ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നതിന് പിന്നാലെ സര്‍ഫറാസ് തന്‍റെ സന്തോഷം മറച്ചുവെച്ചതുമില്ല. തന്നെക്കാള്‍ മികച്ച ബാറ്റര്‍ മുഷീര്‍ ആണെന്നായിരുന്നു സര്‍ഫറാസ് പറഞ്ഞത്. പലപ്പോഴും ഞാന്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ ഞാനവന്‍റെ കളി കാണാറുണ്ട്. അവന്‍റെ ബാറ്റിംഗ് ടെക്നിക്ക് കണ്ടാല്‍ എനിക്ക് ആത്മവിശ്വാസമാകും. മോശമായി കളിക്കുമ്പോഴൊക്കെ അവന്‍റെ ബാറ്റിംഗ് കണ്ട് പഠിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത് എന്നായിരുന്നു സര്‍ഫറാസിന്‍റെ പ്രതികരണം.
സര്‍ഫറാസിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലെടുത്തതിന് പിന്നാലെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവും പ്രതികരണവുമായി എത്തിയിരുന്നു. ആഘോഷത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങുവെന്നായിരുന്നു സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 160 പന്തില്‍ 161 റണ്‍സടിച്ചതിന് പിന്നാലെയാണ് സര്‍ഫറാസിനെ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ വിളിയെത്തുന്നത്.
