കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരെ രണ്ടാം ഏകദിനത്തില്‍ അസാമാന്യ പോരാട്ടവീര്യമാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ മുഷ്‌ഫീഖുര്‍ റഹീം കാട്ടിയത്. ഒരവസരത്തില്‍ 88 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാ കടുവകളെ പ്രതിരോധിക്കാനാവുന്ന സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത് റഹീമിന്‍റെ തകര്‍പ്പന്‍ അര്‍‍ദ്ധ സെഞ്ചുറിയാണ്. ഇതോടെ ബംഗ്ലാ ക്രിക്കറ്റിലെ ഒരു നേട്ടത്തിലെത്താന്‍ മുഷ്‌ഫീഖുര്‍ റഹീമിനായി. 

മത്സരത്തിനിടെ ഏകദിനത്തില്‍ 6000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട താരം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ബംഗ്ലാ ക്രിക്കറ്ററായി. 110 പന്ത് നേരിട്ട താരം ആറ് ഫോറും ഒരു സിക്‌സും സഹിതം 98 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏകദിനത്തില്‍ 201 ഇന്നിംഗ്‌സുകളില്‍ 6090 റണ്‍സാണ് റഹീമിന്‍റെ സമ്പാദ്യം. തമീം ഇക്‌ബാല്‍(6890 റണ്‍സ്), ഷാക്കിബ് അല്‍ ഹസന്‍(6323 റണ്‍സ്) എന്നിവരാണ്  മുഷ്‌ഫീഖുര്‍ റഹീമിന്‍റെ മുന്നിലുള്ളത്. 

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 238 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതം വീ‌ഴ്‌ത്തിയ നുവാന്‍ പ്രദീപും ഇസുരു ഉഡാനയും അഖില ധനഞ്ജയുമാണ് ബംഗ്ലാദേശിനെ വിറപ്പിച്ചത്. തമീം ഇഖ്‌ബാല്‍(19), സൗമ്യ സര്‍ക്കാര്‍(11), മുഹമ്മദ് മിഥുന്‍(12), മഹമ്മുദുള്ള(6) സാബിര്‍ റഹ്‌മാന്‍(11), മൊസദേക് ഹൊസൈന്‍(13), മെഹിദി ഹസന്‍(43), തൈജുല്‍ ഇസ്ലാം(3) എന്നിവരാണ് പുറത്തായത്.