ചെന്നൈ: അവസാന മണിക്കൂറുകള്‍ക്കിടെ ഐപിഎല്‍ താരലേല പട്ടികയില്‍ ഇടം ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. കഴിഞ്ഞ 13 തവണ ലേലത്തില്‍ പങ്കെടുത്തെങ്കിലും ഒരു ഫ്രാഞ്ചൈസിയും മുഷ്ഫിഖറിന്റെ കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഇത്തവണ അദ്ദേഹം പേരും നല്‍കിയിരുന്നില്ല. എന്നാല്‍ ഇംഗ്ലീഷ് താരം മാര്‍ക് വുഡ് പിന്മാറിയതിനെ തുടര്‍ന്ന് ബംഗ്ലാ താരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ, കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വുഡ് ലേലത്തില്‍ നിന്ന് പിന്മാറിയത്. ഒരു കോടിയാണ് താരത്തിന്റെ അടിസ്ഥാനവില. 

ടി20 കരിയറില്‍ ഭേദപ്പെട്ട റെക്കോഡുണ്ടായിട്ടും ഐപിഎല്‍ കളിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നില്ല. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്‍വേട്ടക്കാരനാണ് മുഷ്ഫിഖര്‍. മുഹമ്മദ് അഷ്‌റഫുള്‍, മഷ്‌റഫെ മൊര്‍ത്താസ, അബ്ദുള്‍ റസാഖ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷാക്കിബ് അ്ല്‍ ഹസന്‍ എന്നീ ബംഗ്ലാദേശുകാര്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്.   

2006ല്‍ ബംഗ്ലാദേശ് ജേഴ്‌സിയില്‍ അരങ്ങേറിയ മുഷ്ഫിഖര്‍ നിലവില്‍ അവരുടെ പ്രധാന താരമാണ്. 86 ടി20 മത്സരങ്ങളില് നിന്ന് 1282 റണ്‍സ് താരം സ്വന്തമാക്കി. അഞ്ച് അര്‍ധ സെഞ്ചുറികളും മുഷ്ഫിഖറിന്റെ പേരിലുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 89 മത്സരങ്ങളില്‍ നിന്ന് 2274 റണ്‍സും മുഷ്ഫിഖര്‍ നേടി. ഇതില്‍ 15 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.