ചെന്നൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും പുറത്തുവന്നിട്ടില്ല. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരം ധോണിയുടെ അവസാന ഏകദിനമാണെന്ന് പറയുന്നവരുണ്ട്. അതല്ല അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിച്ച ശേഷമെ ധോണി വിരമിക്കൂവെന്നും വാര്‍ത്തകളുണ്ട്. ഈ ആശയകുഴപ്പങ്ങളെല്ലാം നിലനില്‍ക്കെ മറ്റൊരു കാര്യം ഉറപ്പുവരുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമയായ എന്‍ ശ്രീനിവാസന്‍.

ധോണിയുടെ അന്താരാഷ്ട്ര കരിയറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും എന്നാല്‍ അടുത്ത ഐപിഎല്ലിന്റെ കാര്യം എനിക്ക് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി എപ്പോള്‍ വിരമിക്കുമെന്നറിയില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പ് പറയുന്നു. അടുത്ത ഐപിഎല്ലിലും ധോണിയായിരിക്കും സിഎസ്‌കെയെ നയിക്കുക.'' ശ്രീനിവാസന്‍ പറഞ്ഞുനിര്‍ത്തി.

ധോണി പത്ത് തവണ ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു. ഈ സീസണിലെല്ലാം പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ ചെന്നൈയ്ക്കായി. മൂന്ന് തവണ കിരീടം സമ്മാനിച്ച. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയായിരുന്നു.