സിംബാബ്‌വെക്കെതിരായ ടി20 മത്സരത്തിൽ നമീബിയൻ താരം ജാൻ ഫ്രൈലിങ്ക് ടി20 ക്രിക്കറ്റിലെ മൂന്നാമത്തെ വേഗമേറിയ അർധസെഞ്ചുറി നേടി റെക്കോര്‍ഡിട്ടു.

ഹരാരെ: ടി20 ക്രിക്കറ്റിലെ മൂന്നാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയുമായി നമീബിയന്‍ താരം ജാൻ ഫ്രൈലിങ്ക്. സിംബാബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചപ്പോള്‍ 31 പന്തില്‍ 77 റണ്‍സടിച്ച ഫ്രൈലിങ്ക് 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചാണ് ടി20 ക്രിക്കറ്റിലെ മൂന്നാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

വേഗമേറി അര്‍ധസെഞ്ചുറി നേപ്പാള്‍ താരത്തിന്‍റെ പേരില്‍

9 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നേപ്പാള്‍ താരം ദീപേന്ദ്ര സിംഗ് അരീയുടെ പേരിലാണ് ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ അര്‍ധസെഞ്ചുരി തികച്ചതാണ് ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറി. ടി20 ക്രിക്കറ്റില്‍ 13 പന്തില്‍ ഫ്രൈലിങ്കിന് പുറമെ മൂന്ന് താരങ്ങള്‍ കൂടി അര്‍ധസെഞ്ചുറി തികച്ചിട്ടുണ്ട്. ഓസ്ട്രിയയുടെ മിര്‍സ അഹ്സാന്‍, ടര്‍ക്കിയുടെ മുഹമ്മദ് ഫഹദ്, സിംബാബ്‌വെയുടെ മറുമാനി എന്നിവരാണ് ഫ്രൈലിങ്കിന് പുറമെ 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചവര്‍.

ഫ്രൈലിങ്കിന്‍റെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചപ്പോള്‍ സിംബാബ്‌വെ 19.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ ഔട്ടായി 28 റണ്‍സ് തോല്‍വി വഴങ്ങി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സിംബാബ്‌വെ നേരത്തെ പരമ്പര നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക