കരുൺ നായരുമായുള്ള പിണക്കത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. കർണാടക ടീമിലെ ചില സഹതാരങ്ങൾ തൻ്റെ അഭിമുഖത്തിലെ പരാമർശം തെറ്റിദ്ധരിപ്പിച്ച് കരുണിന് മുന്നിൽ അവതരിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ഉത്തപ്പ.
ബെംഗളൂരു: ഇന്ത്യൻ താരം കരുണ്‍ നായരുമായുള്ള പിണക്കത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ആഭ്യന്തര ക്രിക്കറ്റില്‍ ഇരുവരും ദീര്‍ഘകാലം കര്‍ണാടകയുടെ താരങ്ങളായിരുന്നു. 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച ഉത്തപ്പ പക്ഷെ കര്‍ണാടക കുപ്പായത്തില്‍ 99 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പിന്നീട് സൗരാഷ്ട്രക്കും കേരളത്തിനും വേണ്ടിയായിരുന്നു പാതി മലയാളി കൂടിയായ ഉത്തപ്പ കളിച്ചത്.
കര്‍ണാടക ടീമിനകത്ത് തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളാണ് കര്‍ണാടക വിട്ട് ആദ്യം സൗരാഷ്ട്രക്കും പിന്നീട് കേരളത്തിനും വേണ്ടി കളിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഫസ്റ്റ് അമ്പയര്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഉത്തപ്പ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും ഇന്ത്യൻ സെലക്ടമാര്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു. ആ സമയത്താണ് കര്‍ണാടക ടീമിലെ സഹതാരമായിരുന്ന കരുണ്‍ നായര്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇന്ത്യൻ ടീമിലിടം കിട്ടാത്തതില്‍ അസ്വസ്ഥനായ ഞാൻ പറഞ്ഞത്, ചിലര്‍ക്ക് ടെസ്റ്റ് ക്യാപ് എളുപ്പത്തില്‍ കിട്ടും, എന്നാല്‍ ചിലര്‍ക്ക് എത്രമികവ് കാട്ടിയാലും ടെസ്റ്റ് ക്യാപ് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു. ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെങ്കിലും ഈ അഭിമുഖത്തിന്‍റെ ഭാഗം മാത്രം മുറിച്ച് ടീമിലെ ചിലര്‍ ഇത് കരുണ്‍ നായര്‍ക്ക് കാണിച്ചുകൊടുത്തു.
കരുണിനെ തെറ്റിദ്ധരിപ്പിച്ചു
എന്നിട്ട് കരുണിനെ കുറിച്ചാണ് ഞാനിത് പറഞ്ഞതെന്ന് അവനെ തെറ്റിദ്ധരിപ്പിച്ചു. ആ സംഭവത്തിനുശേഷം കരുണ്‍ നായര്‍ എന്നോട് മിണ്ടിയിട്ടില്ല. അതുവരെ സഹോദരതുല്യ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. എന്നാല്‍ അത്തരമൊരു ആരോപണം ഉയര്‍ന്നപ്പോൾ കരുണ്‍ ഒരിക്കല്‍ പോലും എന്നെ വിളിച്ച് അന്വേഷിച്ചില്ല. അവന്‍ മറ്റ് ചിലര്‍ പറഞ്ഞത് വിശ്വസിച്ചു. ടീമില്‍ വിഭാഗീയത ഉണ്ടാക്കുകയാണെന്ന് എനിക്കെതിരെ ചിലര്‍ ആരോപണം ഉന്നയിച്ചു. ആ സംഭവത്തിനുശേഷം എനിക്കെതിരെ കര്‍ണാടക ടീമില്‍ സംഘടിത ആക്രമണമായിരുന്നു നടന്നത്.
അതോടെ മികച്ച ഫോമിലായിരുന്നു എന്‍റെ ഫോം ഇടിഞ്ഞു. ടീം മീറ്റിംഗില്‍ ഞാൻ ഇക്കാര്യം ടീം അംഗങ്ങളോട് ചോദിച്ചു. ഞാനാണ് ടീമിനകത്ത് വിഭാഗീതയ വളര്‍ത്തുന്നത് എന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്ക് കൈയുയര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു. ആരും മുന്നോട്ടുവന്നില്ല. എന്നാല്‍ ആതോടെ ടീമുമായി മനസികമായി താന്‍ അകന്നുവെന്നും ഉത്തപ്പ പറഞ്ഞു. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ഉത്തപ്പ ഇന്ത്യൻ കുപ്പായത്തില്‍ 60 മത്സരങ്ങളില്‍ കളിച്ചു. 2015ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.


