ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ പേസര്‍ നവ്‌ദീപ് സൈനിക്ക് ടീം ഇന്ത്യയുടെ സര്‍പ്രൈസ്. ടെസ്റ്റ് പരമ്പരയില്‍ കരുതല്‍ താരമായി തുടരാന്‍ സൈനിയോട് ബിസിസിഐ ആവശ്യപ്പെട്ടു. നെറ്റ് ബൗളറായി ഈ അതിവേഗക്കാരനെ ഉപയോഗിക്കാനാകും എന്നാണ് ടീം മാനേജ്‌മെന്‍റ് കണക്കുകൂട്ടുന്നത്.

ഇന്ത്യയുടെ ഭാവി ടെസ്റ്റ് ബൗളറായി സൈനിയെ ടീം കണക്കുകൂട്ടുന്നു എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 'ടെസ്റ്റ് പരമ്പരയ്‌ക്കായി സൈനിയോട് ടീമിനൊപ്പം തുടരാന്‍ അവശ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് ബൗളറായാണ് സൈനിക്ക് പ്രാഥമിക പരിഗണന. ഭാവി ലക്ഷ്യമാക്കി ടെസ്റ്റ് താരമായി പരുവപ്പെടുത്താന്‍ കൂടിയാണ് ടീം മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്'- ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.  

ടി20 അരങ്ങേറ്റത്തില്‍ തിളങ്ങിയ സൈനി മൂന്ന് വിക്കറ്റുമായി മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുമായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായും സൈനി മാറി. ഏകദിന പരമ്പരയില്‍ താരത്തിന് അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റ് ടീമിനൊപ്പം തുടരാനാകുന്നത് സൈനിക്ക് ഗുണം ചെയ്തേക്കും എന്നാണ് വിലയിരുത്തല്‍.