ബെംഗളൂരു: പരിക്കില്‍ നിന്ന് മോചിതനായി സജീവ ക്രിക്കറ്റിലേക്ക് എപ്പോള്‍ തിരിച്ചെത്താമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. സ്‌പോര്‍ട്‌സ് ഹെര്‍ണിയ പിടിപെട്ട ഭുവി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ പരിക്ക് തിരിച്ചറിയാന്‍ വൈകിയതില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ(എന്‍സിഎ) മെഡിക്കല്‍ സംഘത്തെ വിമര്‍ശിക്കാന്‍ താരം തയ്യാറായില്ല.

'ഒന്‍പത് മാസം അകലെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനാണ് പ്രധാന്യം നല്‍കുന്നത്. അതിന് എപ്പോള്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാവില്ല' എന്നും ഭുവനേശ്വര്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

എന്‍സിഎയെ തള്ളാതെ ഭുവി

'എന്‍സിഎ നന്നായി തന്നെ പരിചരിച്ചു. എന്നാല്‍ സ്‌പോര്‍ട്‌സ് ഹെര്‍ണിയ തുടക്കത്തിലെ കണ്ടെത്താന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് വ്യക്തമല്ല. എന്‍സിഎയ്ക്ക്‌ പിഴവുപറ്റിയോ എന്ന് വ്യക്തമാക്കേണ്ടത് താനല്ല. ബിസിസിഐ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും എന്നാണ് വിശ്വാസം. ദേശീയ ക്രിക്കറ്റ് അക്കാദമിയുമായി ബിസിസിഐ അധികൃതര്‍ സംസാരിക്കും എന്നാണ് കരുതുന്നത്. എന്‍സിഎയിലേക്ക് പോകണോ വേണ്ടയോ എന്നത് താരങ്ങളുടെ തെരഞ്ഞെടുപ്പാണ്. തനിക്ക് ശസ്‌ത്രക്രിയ വേണ്ടിവരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല' എന്നും ഭുവി പറഞ്ഞു. 

ഭുവനേശ്വര്‍ കുമാറിനെ പരിക്ക് കുറച്ചുനാളുകളായി അലട്ടുകയാണ്. വിന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ താരം കരീബിയന്‍ സംഘത്തിനെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വീണ്ടും പരിക്കേറ്റ് പുറത്തായി. പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായെന്ന് എന്‍സിഎ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ഭുവനേശ്വറിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ പിടിപെട്ടത്. ഇതോടെ, പരിശോധനകള്‍ക്കും പരിശീലനത്തിനുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഇല്ല എന്ന നിലപാടെടുത്തിരുന്നു പേസര്‍ ജസ്‌പ്രീത് ബുമ്രയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും. 

'പരിക്ക് തിരിച്ചടിയാവുന്നുണ്ട്. എന്നാല്‍ താന്‍ തകര്‍ന്നിട്ടില്ല. പരിക്ക് ഈ യാത്രയുടെ ഭാഗമാണ്. വിന്‍ഡീസിനെതിരെ മികച്ച താളത്തിലായിരുന്നു കളിച്ചത്. ചികിത്സയ്‌ക്ക് ശേഷം അതിവേഗം തിരിച്ചെത്തണമെന്നാണ് ആഗ്രഹം. ടീം സെലക്ഷന്‍ എന്‍റെ കൈയിലല്ല. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് തന്‍റെ കടമ'യെന്നും ഭുവി വ്യക്തമാക്കി.