സമീപനാളുകളിലെ തിരിച്ചടികളില്‍ നിന്ന് കരകയറി, ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വമ്പന്‍ വിജയം വേണം ബാബര്‍ അസമിനും സംഘത്തിനും. ലോകകപ്പ് സന്നാഹ മത്സരത്തില്‍ രണ്ടിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. അട്ടിമറി വിജയം സ്വപ്നം കണ്ട് നെതര്‍ലന്‍ഡ്‌സ് ഇറങ്ങുന്നത്. ലോകകപ്പില്‍ തോറ്റ് തുടങ്ങുന്ന പതിവ് തിരുത്താനായിരിക്കും പാകിസ്ഥാന്റെ ലക്ഷ്യം. സമീപനാളുകളിലെ തിരിച്ചടികളില്‍ നിന്ന് കരകയറി, ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വമ്പന്‍ വിജയം വേണം ബാബര്‍ അസമിനും സംഘത്തിനും. ലോകകപ്പ് സന്നാഹ മത്സരത്തില്‍ രണ്ടിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.
പാകിസ്ഥാന്‍ ടീം: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.
നെതര്‍ലന്‍ഡ്‌സ്: വിക്രംജിത് സിംഗ്, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, ബാസ് ഡീ ലീഡെ, തേജ നിഡമനുരു, സാക്വിബ് സുല്‍ഫിക്കര്‍, ലോഗന്‍ വാന്‍ ബീക്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരെന്‍.
അവസാന അഞ്ച് ലോകകപ്പില്‍ നാല് തവണയും പാകിസ്ഥാന്‍ തുടങ്ങിയത് തോല്‍വിയോടെ. ഇത്തവണ തുടക്കത്തിലേ താരതമ്യേന ദുര്‍ബലരായ എതിരാളികളെ കിട്ടിയത് ആശ്വാസം. ബാറ്റിംഗ് നിരയിലെ നെടുന്തൂണായ ബാബറിന്റെയും പേസ് നിരയുടെയും മങ്ങിയ പ്രകടനമാണ് പാകിസ്ഥാന്റെ ആശങ്ക. ഏത് വമ്പന്‍മാരെയും കൊമ്പുകുത്തിക്കാന്‍ ശേഷിയുള്ള പാക്‌നിര ഫോമിലേക്കെത്തിയാല്‍ നെതര്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാനാവില്ല.
ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് ജയിച്ചത് രണ്ടുകളിയില്‍ മാത്രം. അവസാന ജയം 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ. ഇരുടീമും മുഖാമുഖം വന്നത് ആറ് കളിയില്‍. ആറിലും ജയം പാകിസ്ഥാനൊപ്പം.