ധാക്ക: ബംഗ്ലാദേശ് പരിശീലക സംഘത്തില്‍ വീണ്ടും മാറ്റം. പുതിയ ബൗളിങ് കോച്ചായി ഓട്ടിസ് ഗിബ്‌സണ്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിഞ്ഞ ചാള്‍സ് ലാങ്‌വെല്‍റ്റിന് പകരക്കാരനായിട്ടാണ് ഗിബ്‌സണെ നിയമിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ലാങ്‌വെല്‍റ്റ് ബംഗ്ലാദേശിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ രണ്ട് മാസം പൂര്‍ത്തിയാവുന്നതിന് മുമ്പ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ബംഗ്ലാദേശ് വിടുകയായിരുന്നു.

ദക്ഷിണാഫ്രിന്‍ ടീമിന്റെ ബൗളിങ് പരിശീലകനാവുന്നതിന് വേണ്ടിയിട്ടാണ് ലാങ്‌വെല്‍റ്റ് പടിയിറങ്ങുന്നത്. ഇപ്പോള്‍ സ്ഥാനമേറ്റെടുത്ത ഗിബ്‌സണ്‍ മുമ്പ് ദക്ഷിണാഫ്രിക്കന്‍ പരിശീലകനായിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ഗിബ്‌സണ്‍ ഒപ്പുവച്ചത്. ബംഗ്ലാദേശ് പ്രീമയര്‍ ലീഗില്‍ കളിക്കുന്ന കോമില വാരിയേഴ്‌സിന്റെ പരിശീലകന്‍ കൂടിയാണ് ഗിബ്‌സണ്‍. 

ജനുവരി 24ന് തുടങ്ങുന്ന പാകിസ്ഥാനെതിരെയുള്ള പരമ്പരയാവും ഗിബ്‌സന്റെ ആദ്യ ചുമതല. പാകിസ്ഥാനില്‍ മൂന്ന് ഘട്ടമായിട്ടാണ് ബംഗ്ലാദേശ് കളിക്കുക.