അറുപത്തിനാലാം വയസിലെ രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റത്തില്‍ 15 വയസുകാരി മുതല്‍ ജൊവാന ചൈല്‍ഡിനൊപ്പം പോര്‍ച്ചുഗലിനായി കളത്തിലിറങ്ങി
ലിസ്‌ബണ്‍: രാജ്യാന്തര ട്വന്‍റി 20യില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ പ്രായം കൂടിയ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടത്തില്‍ പോര്‍ച്ചുഗലിന്‍റെ ജൊവാന ചൈല്‍ഡ്. നോര്‍വേക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ അരങ്ങേറുമ്പോള്‍ 64 വയസും 181 ദിവസവുമാണ് ജൊവാന ചൈല്‍ഡിന്‍റെ പ്രായം. 66 വയസും 334 ദിവസവും പ്രായമുള്ളപ്പോള്‍ ആദ്യമായി രാജ്യാന്തര ട്വന്‍റി 20 മത്സരത്തിന് ഇറങ്ങിയ ജിബ്രാൾട്ടർ താരം സാലി ബാര്‍ട്ടണാണ് വനിതാ ടി20 ചരിത്രത്തിലെ പ്രായം കൂടിയ അരങ്ങേറ്റക്കാരി. എസ്റ്റോണിയക്കെതിരെ കഴിഞ്ഞ വര്‍ഷമായിരുന്നു സാലിയുടെ അരങ്ങേറ്റം.
അതേസമയം ലോക ക്രിക്കറ്റില്‍ പ്രായം കൂടിയ രാജ്യാന്തര ടി20 അരങ്ങേറ്റത്തിനുള്ള റെക്കോര്‍ഡ് ഫോക്ക്‌ലാന്‍റ് ദ്വീപുകളുടെ താരമായ ആന്‍ഡ്രൂ ബ്രൗണ്‍ലിയുടെ പേരിലാണ്. എങ്കിലും ജൊവാന ചൈല്‍ഡിന്‍റെ അരങ്ങേറ്റം ഭാവി താരങ്ങള്‍ക്ക് പ്രചോദനമാണ്. പോര്‍ച്ചുഗലിനെ അനവധി വരുകാല ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാന്‍ ജൊവാന ചൈല്‍ഡിനാകുമെന്ന് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ സാറ റൈലന്‍ഡ് വ്യക്തമാക്കി. 44 വയസുകാരിയാണ് ക്യാപ്റ്റന്‍ സാറ. നോര്‍വേക്കെതിരെ 15 വയസുകാരി മുതല്‍ ജൊവാന ചൈല്‍ഡിനൊപ്പം പോര്‍ച്ചുഗലിനായി കളത്തിലിറങ്ങി. ഇഷ്‌റീത് ചീമ എന്ന വനിതാ താരത്തിനാണ് 15 വയസ് മാത്രം പ്രായം. 16 വയസുള്ള മരിയം വസീമും അഫ്ഷീന അഹമ്മദും മത്സരത്തില്‍ പോര്‍ച്ചുഗല്‍ ടീമിലുണ്ടായിരുന്നു.
രാജ്യാന്തര ടി20 അരങ്ങേറ്റത്തില്‍ രണ്ട് റണ്‍സാണ് ജൊവാന ചൈല്‍ഡ് നേടിയത്. 10-ാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങിയ ചൈല്‍ഡ് രമ്യ ഇമ്മാദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. അതിന് ശേഷമുള്ള രണ്ട് മത്സരങ്ങളില്‍ ചൈല്‍ഡിന് അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ പന്തെറിഞ്ഞപ്പോള്‍ വലംകൈയന്‍ മീഡിയം പേസറായ ജൊവാന ചൈല്‍ഡ് 11 പന്തുകളില്‍ 11 റണ്‍സാണ് വിട്ടുകൊടുത്തത്. മൂന്ന് ടി20കളുടെ പരമ്പര പോര്‍ച്ചുഗല്‍ വനിതാ ക്രിക്കറ്റ് ടീം 2-1ന് വിജയിച്ചു. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 16 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മാച്ചില്‍ അഞ്ച് വിക്കറ്റ് ജയവുമായി നോര്‍വേ ഒപ്പമെത്തി. അവസാന മത്സരത്തില്‍ 9 വിക്കറ്റിന് ജയിച്ചാണ് പോര്‍ച്ചുഗല്‍ പരമ്പര സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
