ഹാമില്‍ട്ടണ്‍: സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ പരിക്കേറ്റ ബോള്‍ട്ടിന് ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായിരുന്നു. അതേസമയം ഏകദിന പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച കെയില്‍ ജമൈസണ് ആദ്യമായി ടെസ്റ്റ് ക്ഷണവും ലഭിച്ചു. 

പരിചയസമ്പന്നനായ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ തിരിച്ചുവരവ് ടീമിന് ആത്മവിശ്വാസവും കരുത്തും കൂട്ടുന്നു എന്ന് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കി. ന്യൂസിലന്‍ഡിലെ ഉയരക്കാരന്‍ ക്രിക്കറ്ററായ ജമൈസണിന്‍റെ ബൗണ്‍സിനെയും സ്റ്റെഡ് പ്രശംസിച്ചു. ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ ജമൈസണായിരുന്നു. 

സ്‌പിന്നര്‍ അജാസ് പട്ടേലിനെ തിരിച്ചുവിളിച്ചതും ശ്രദ്ധേയമാണ്. ലെഗ് സ്‌പിന്നര്‍ ടോഡ് ആസ്റ്റലിന് പകരമാണ് അജാസ് ടീമിലെത്തിയത്. ഡാരില്‍ മിച്ചലിനെയും ടീമിലുള്‍പ്പെടുത്തി. ടോം ലാഥമിനൊപ്പം ടോം ബ്ലന്‍ഡലാവും കിവീസിനായി ഓപ്പണ്‍ ചെയ്യുക. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം വെല്ലിങ്‌ടണില്‍ വെള്ളിയാഴ്‌ച ആരംഭിക്കും. 

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്