ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന്‍റെ മുന്‍നിരക്ക് അടിതെറ്റിയപ്പോള്‍ 42 റണ്‍സെടുത്ത ജാമി ഓവര്‍ടണും 34 റണ്‍സെടുത്ത ഹാരി ബ്രൂക്കും 25 റണ്‍സെടുത്ത ജോ റൂട്ടും മാത്രമെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.
ഹാമില്‍ട്ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ന്യൂസിലന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 36 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 33.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ രച്ചിന്‍ രവീന്ദ്രയുടെയും ഡാരില്‍ മിച്ചലിന്‍റെയും പ്രകടനങ്ങളാണ് കിവീസ് ജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലൻഡ് 2-0ന് മുന്നിലെത്തി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് നാലു വിക്കറ്റ് ജയം നേടിയിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച നടക്കും.
ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന്‍റെ മുന്‍നിരക്ക് അടിതെറ്റിയപ്പോള്‍ 42 റണ്‍സെടുത്ത ജാമി ഓവര്‍ടണും 34 റണ്‍സെടുത്ത ഹാരി ബ്രൂക്കും 25 റണ്‍സെടുത്ത ജോ റൂട്ടും മാത്രമെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ജാമി സ്മിത്ത്(13), ബെന്‍ ഡക്കറ്റ്(1), ജേക്കബ് ബേഥൽ(18), ജോസ് ബട്‌ലര്‍(9) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ കിവീസിനായി ബ്ലയര്‍ ടിക്നര്‍ നാലും നഥാന്‍ സ്മിത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ വില്‍ യങിനെ ആദ്യ ഓവറില്‍ നഷ്ടമായെങ്കിലും രചിന്‍ രവീന്ദ്ര(54), കെയ്ന്‍ വില്യംസണ്‍(21), ഡാരില്‍ മിച്ചല്‍(56*), ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്‌നര്‍(17 പന്തില്‍ 34*)എന്നിവരുടെ ബാറ്റിംഗ് മികവില്‍ കിവീസ് അനായാസം ലക്ഷ്യത്തിലെത്തി. ടോം ലാഥമും(2), മൈക്കല്‍ ബ്രേസ്‌വെല്ലും(5) കിവീസ് നിരയില്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 10 ഓവറില്‍ 23 റണ്‍സിന് 3 വിക്കറ്റെടുത്തു.


