മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. 66 റണ്‍സിനിടെ നാല് വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. വില്‍ യംഗാണ് (5) ആദ്യ മടങ്ങുന്നത്. കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

മൗണ്ട് മൗംഗനുയി: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. 91 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്ന ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. മൈക്കല്‍ ബ്രേസ്‌വെല്‍ (51) നിര്‍ണായക പ്രകടനം പുറത്തെടുത്തു. തിരിച്ചുവരവ് മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (0) ഗോള്‍ഡന്‍ ഡക്കായി.

മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. 66 റണ്‍സിനിടെ നാല് വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. വില്‍ യംഗാണ് (5) ആദ്യ മടങ്ങുന്നത്. കാര്‍സെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ എത്തിയ കെയ്ന്‍ വില്യംസണ്‍ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. രചിന്‍ രവീന്ദ്ര (17), ടോം ലാതം (24) എന്നിവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ നാലിന് 66 എന്ന നിലയിലായി ന്യൂസിലന്‍ഡ്.

തുടര്‍ന്ന് മിച്ചല്‍ - ബ്രേസ്‌വെല്‍ സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ബ്രേസ്‌വെല്‍ മടങ്ങിയെങ്കിലും മിച്ചല്‍ സാന്റ്‌നറുടെ (27) ഇന്നിംഗ്‌സ് നിര്‍ണായകമായി. മിച്ചലിനൊപ്പം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്യാപ്റ്റന്‍ സാന്റ്‌നര്‍ മടങ്ങിയത്. നതാന്‍ സ്മിത്ത് (4) മിച്ചലിനൊപ്പം പുറത്താവാതെ നിന്നു. 91 പന്തുകള്‍ നേരിട്ട മിച്ചല്‍ രണ്ട് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും അകമ്പടിയോടെയാണ് 78 റണ്‍സ് നേടിയത്. ബ്രൈഡണ്‍ കാര്‍സെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഹാരി ബ്രൂക്കിന്റെ (135) സെഞ്ചുറിയും ജാമി ഓവര്‍ടോണിന്റെ (46) പ്രകടനവുമാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ലെന്നുള്ളതാണ് ആശ്ചര്യം. ജാമി സ്മിത്ത് (0), ബെന്‍ ഡക്കറ്റ് (2), ജോ റൂട്ട് (2), ജേക്കബ് ബേതല്‍ (2) എന്നീ മുന്‍ നിരക്കാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 10 എന്ന നിലയിലായി ന്യൂസിലന്‍ഡ്. തുടര്‍ന്ന് ആറിന് 56 എന്ന നിലയിലേക്കും വീണു. ജോസ് ബട്‌ലര്‍ (4), സാം കറന്‍ (6) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് 87 റണ്‍സ് ഓവര്‍ടോണ്‍ - ബ്രൂക്ക് സഖ്യം കൂട്ടിചേര്‍ത്തു.

ഈ കൂട്ടുകെട്ടാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. എന്നാല്‍ 26-ാം ഓവറില്‍ ഓവര്‍ടോണിനേയും കാര്‍സെയേയും (0) ജേക്കബ് ഡഫി അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. ഇതോടെ എട്ടിന് 143 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടര്‍ന്ന് ആദില്‍ റഷീദ് (4), ലൂക്ക് വുഡ് (5) എന്നിവരെ ഒരറ്റത്ത് നിര്‍ത്തി ബ്രൂക്ക് നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ വുഡിനൊപ്പം 57 റണ്‍സാണ് ബ്രൂക്ക് കൂട്ടിചേര്‍ത്തത്. ഇതില്‍ നാല് റണ്‍സ് മാത്രമായിരുന്നു വുഡിന്റെ സംഭാവന. 36-ാം ഓവറില്‍ സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കിയാണ് ബ്രൂക്ക് മടങ്ങുന്നത്. 11 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. ന്യൂസിലന്‍ഡിന് വേണ്ടി സക്കാരി ഫൗള്‍ക്‌സ് നാലും ഡഫി മൂന്നും വിക്കറ്റ് വീഴ്ത്തി.

YouTube video player