നല്ല തുടക്കത്തിനുശേഷം 35-ാം ഓവറില്‍ 185-5 എന്ന നിലയില്‍ പതറിയ കിവീസിനെ ഒറ്റക്ക് ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഫിലിപ്സായിരുന്നു. മിച്ചല്‍ സാന്‍റനര്‍ക്കൊപ്പം(15) ഏഴാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് ഫിലിപ്സ് ന്യൂസിലന്‍ഡിനെ വിജയത്തിന് അടുത്തെത്തിച്ചത്.

കറാച്ചി: ഏഴാമനായി ഇറങ്ങി ഗ്ലെന്‍ ഫിലിപ്സ് നേടിയ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ പാക്കിസ്ഥാനെതിരായി മൂന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 48.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 42 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്ന ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 280-9, ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 281-8

നല്ല തുടക്കത്തിനുശേഷം 35-ാം ഓവറില്‍ 185-5 എന്ന നിലയില്‍ പതറിയ കിവീസിനെ ഒറ്റക്ക് ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഫിലിപ്സായിരുന്നു. മിച്ചല്‍ സാന്‍റനര്‍ക്കൊപ്പം(15) ഏഴാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് ഫിലിപ്സ് ന്യൂസിലന്‍ഡിനെ വിജയത്തിന് അടുത്തെത്തിച്ചത്. സ്കോര്‍ 269ല്‍ നില്‍ക്കെ സാന്‍റ്നറും പിന്നാലെ ഇഷ് സോധിയും(0) മടങ്ങിയെങ്കിലും ടിം സൗത്തിയെ സാക്ഷി നിര്‍ത്തി ഫിലിപ്സ് കിവീസിനെ ലക്ഷ്യത്തിലെത്തിച്ചു. നാലു ഫോറും നാല് സിക്സും അടക്കമാണ് ഫിലിപ്സ് 63 റണ്‍സടിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(53), ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ(52),ഡാരില്‍ മിച്ചല്‍(31) എന്നിവരും കിവീസിനായി തിളങ്ങി. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് വസീമും അഗ സല്‍മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി സമന്‍(101) സെഞ്ചുറി നേടിയപ്പോള്‍ മുഹമ്മദ് റിസ്‌വാന്‍(74 പന്തില്‍ 77) അര്‍ധസെഞ്ചുറി നേടി. അഗ സല്‍മാന്‍(45), ഹാരിസ് സൊഹൈല്‍(22) എന്നിവരും പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ബാബര്‍ അസം നാലു റണ്ണെടുത്ത് പുറത്തായി. കിവീസിനായി ടിം സൗത്തി മൂന്നും ലോക്കി ഫെര്‍ഗൂസന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് പരമ്പര നേരത്തെ സമനിലയായിരുന്നു. ഇനി ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളിലാണ് ന്യൂസിലന്‍ഡ് കളിക്കുന്നത്.