ഭീകരാക്രമണം നടക്കുമ്പോള്‍ ബംഗ്ലാ താരങ്ങള്‍ക്ക് സുരക്ഷയുണ്ടായിരുന്നില്ല. തലനാരിഴയ്ക്കാണ് താരങ്ങള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്.  

ക്രൈസ്റ്റ് ചര്‍ച്ച്: സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യുമെന്ന് ക്രൈസ്റ്റ് ച‍ര്‍ച്ച് ഭീകരാക്രമണത്തിന് ശേഷം ന്യൂസീലന്‍ഡ് ക്രിക്കറ്റ് സിഇഒ ഡേവിഡ് വൈറ്റ്. ക്രൈസ്റ്റ് ചര്‍ച്ചിലിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തലനാരിഴ‌യ്ക്കാണ് രക്ഷപെട്ടത്. സംഭവം നടക്കുമ്പോള്‍ ബംഗ്ലാ താരങ്ങള്‍ക്ക് സുരക്ഷയുണ്ടായിരുന്നില്ല. 

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം നടുക്കുന്നതാണ്. അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ സാധ്യതകളും ആക്രമണം താറുമാറാക്കും. എല്ലാം ഇപ്പോള്‍ തന്നെ തകിടംമറിഞ്ഞിരിക്കുന്നു. തങ്ങള്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആഴത്തില്‍ പുനപരിശോധിക്കും. ന്യൂസീലന്‍ഡ് സുരക്ഷിത രാജ്യമാണെന്ന സങ്കല്‍പം ഇതിനകം മാറിയിട്ടുണ്ടാകുമെന്നും ഡേവിഡ് വൈറ്റ് പ്രതികരിച്ചു. 

ബംഗ്ലാദേശ് താരങ്ങൾ പള്ളിയിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. ആർക്കും പരിക്കേറ്റില്ലെങ്കിലും താരങ്ങളെല്ലാം നടുക്കത്തിലാണ്. സിനിമയിലെ പോലെ രക്തരൂക്ഷിതമായ രംഗങ്ങളായിരുന്നു തങ്ങളുടെ കണ്‍മുന്നിലെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ പരമ്പര റദ്ദാക്കി ബംഗ്ലാദേശ് ടീം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. 

ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യൻ വംശജരായ ഒൻപത് പേരെ കാണാനില്ലെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ആക്രമണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ മുഖ്യപ്രതിയായ ബ്രെന്‍റൺ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.