അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനോട് എട്ട് വിക്കറ്റിന് തോറ്റതോടെ ന്യൂസിലന്‍ഡ് സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ മഴ മത്സരഫലങ്ങളെ ബാധിച്ചതും ഇന്ത്യയോടേറ്റ തോല്‍വിയും കിവീസിന് തിരിച്ചടിയായിരുന്നു.
ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനാട് പരാജയപ്പെട്ട് ന്യൂസിലന്‍ഡ് സെമി ഫൈനല്‍ കാണാതെ പുറത്ത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ന്യൂസിലന്‍ഡ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 28.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ സുബ്ഹാന്‍, മൂന്ന് പേരെ പുറത്താക്കിയ അലി റാസ എന്നിവരാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. പാകിസ്ഥാന്‍ 17.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സമീര്‍ മിന്‍ഹാസിന്റെ (59 പന്തില്‍ പുറത്താവാതെ 76) ഇന്നിംഗ്‌സാണ് പാകിസ്ഥാനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഹംസ സഹൂര്‍ (8), ഉസ്മാന്‍ ഖാന്‍ (15) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ഫര്‍ഹാന്‍ യൂസഫ് (11) മിന്‍ഹാസിനൊപ്പം പുറത്താവാതെ നിന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിന്റെ ഒരു മത്സരം മഴ കാരണം നടക്കാതിരിക്കുകയും മറ്റൊരു മത്സരത്തില്‍ പോയിന്റ് പങ്കിടേണ്ടിയും വന്നു. പിന്നാലെ ഇന്ത്യയോട് തോല്‍ക്കുകയും ചെയ്തതോടെ ഒരു പോയിന്റ് മാത്രമാണ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ചത്. ഇതോടെ സൂപ്പര്‍ സിക്‌സില്‍ ആദ്യ മത്സരം നിര്‍ണായകമാവുകയായിരുന്നു. തോറ്റതോടെ പുറത്ത്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും, ജയിച്ചാല്‍ പോലും സെമിയില്‍ കടക്കാന്‍ സാധിക്കില്ല.
നേരത്തെ, 39 റണ്‍സ് നേടിയ ഹ്യൂഗോ ബൊഗ്യൂവാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായത്. മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം പോലും നേടാന്‍ സാധിച്ചില്ല. മൂന്നാം ഓവറില്‍ മാര്‍കോ ആല്‍പെയുടെ (2) വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. റാസയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് ബൊഗ്യൂസ് - ടോം ജോണ്‍സ് (15) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്ത് ന്യൂസിലന്‍ഡിന് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ബൊഗ്യൂസ് പോയതോടെ ന്യൂസിലലന്‍ഡിന്റെ കൂട്ടത്തകര്‍ച്ചയും ആരംഭിച്ചു.
51 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമാവുകയായിരുന്നു. പിന്നീട് വന്നവരില്‍ കല്ലും സാംസണ്‍ (10), മാസണ്‍ ക്ലാര്‍ക്ക് (17), ഹണ്ടര്‍ ഷോര്‍ (13) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. സ്‌നേഹിത് റെഡ്ഡി (6), ജേക്കബ് കോട്ടര്‍ (2), ബ്രന്‍ഡന്‍ മാറ്റ്‌സോപൗലോസ് (0), ജസ്‌കരണ്‍ സന്ധു (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ലൂക്ക് ഹാരിസണ്‍ (2) പുറത്താവാതെ നിന്നു. 6.4 ഓവറുകള്‍ എറിഞ്ഞ് കേവലം 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സുബ്ഹാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. റാസ, ഏഴ് ഓവറില്‍ 36 റണ്‍സും വിട്ടുകൊടുത്തു. മുഹമ്മദ് സയ്യാം, മൊമിനുല്‍ ഖമര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

