വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റം. പരിക്കേറ്റ പേസര്‍ ട്രെന്റ് ബോള്‍ട്ടിന് പകരം സ്പിന്നര്‍ വില്‍ സോമര്‍വില്ലെ ടീമിലെത്തും. സിഡ്‌നിയിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമെന്നുള്ളതുകൊണ്ടാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി മൂന്നിനാണ് മൂന്നാം ടെസ്റ്റ്.

എന്നാല്‍ താരത്തിന് കളിക്കാന്‍ അവസരം ലഭിക്കുമോ എന്നുള്ളത് കണ്ടറിയണം. മിച്ചല്‍ സാന്റനര്‍, ടോഡ് ആസറ്റ്‌ലെ എന്നിവര്‍ ഇപ്പോള്‍തന്നെ സ്പിന്നര്‍മാരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെതിരെയാണ് സോമര്‍വില്ലേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ വലത് കയ്യിനേറ്റ പരിക്കേറ്റാണ് താരത്തിന് വിനയായത്. താരത്തിന് നാലാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. നേരത്തെ പരിക്ക് കാരണം ഓസീസിനെതിരായ ആദ്യ ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ  പരമ്പര സ്വന്തമാക്കിയിരുന്നു.