ഹാമില്‍ട്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ജയത്തിലേക്ക്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 519/7 (ഡിക്ലയേര്‍ഡ്)നെതിരെ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 138ന് പുറത്തായിരുന്നു. പിന്നാലെ ഫോളോഓണ്‍ വഴങ്ങേണ്ടിവന്ന സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സില്‍ ആറിന് 196 എന്ന നിലയാണ്. ടെസ്റ്റില്‍ രണ്ട് ദിനങ്ങള്‍ ശേഷിക്കെ ആതിഥേയരെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ വിന്‍ഡീസിന് 185 റണ്‍സ് കൂടി വേണം. 

മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ജര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (80), അള്‍സാരി ജോസഫ് (59) എന്നിവരാണ് ക്രീസില്‍. മറ്റാര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (10), ജോണ്‍ ക്യാംപെല്‍ (2), ഡാരന്‍ ബ്രാവോ (12), ഷംറാ ബ്രൂക്ക്‌സ് (2), റോസ്റ്റണ്‍ ചേസ് (6), ജേസണ്‍ ഹോള്‍ഡര്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നീല്‍ വാഗ്നര്‍ കിവീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, കെയ്ല്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ഒന്നാം ഇന്നിങ്‌സില്‍ 138 റണ്‍സിനാണ് വിന്‍ഡീസ് പുറത്തായത്. ജോണ്‍ ക്യാംപല്‍ (26), ഹോള്‍ഡര്‍ (25) എന്നിവര്‍ മാത്രമാണ്് അല്‍പമെങ്കിലും പിടിച്ചുനിന്നത്. സൗത്തി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജാമിസണ്‍, വാഗ്നര്‍ എന്നിവര്‍ രണ്ടും ബോള്‍ട്ട് ഒരു വികക്കറ്റും സ്വന്തമാക്കി. 

നേരത്തെ, കെയ്ന്‍ വില്യംസണിന്റെ (251) ഇരട്ട സെഞ്ചുറിയാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോം ലാഥം (86), ജാമിസണ്‍ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.