പല്ലെകലേ: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ കുശാല്‍ മെന്‍ഡിസിന്റെ (53 പന്തില്‍ 73) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 174 റണ്‍സാണ് നേടിയത്. നാല് വിക്കറ്റുകള്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി  ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.

മെന്‍ഡിസിന് പുറമെ കുശാല്‍ പെരേര (11), ആവിഷ്‌ക ഫെര്‍ണാണ്ടോ (10), നിരോഷന്‍ ഡിക്ക്‌വെല്ല (33) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 9.1 ഓവറില്‍ രണ്ടിന് 68 എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മെന്‍ഡിസ്- ഡിക്ക്‌വെല്ല കൂട്ടുകെട്ട് രക്ഷയായി. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ മെന്‍ഡിസിനെ സൗത്തി പുറത്താക്കി. 

ഇതോടെ സ്‌കോര്‍ നിയന്ത്രിക്കാന്‍ കിവീസിനായി. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു മെന്‍ഡിന്റെ ഇന്നിങ്‌സ്. സൗത്തിക്ക് പുറമെ, മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് വീഴ്ത്തി. കെയ്ന്‍ വില്യംസണിന് വിശ്രമം അനുവദിച്ചതോടെ ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്.