ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സമനിലയിലേക്ക്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 375നെതിരെ ഇംഗ്ലണ്ട് 476 റണ്‍സ് നേടി. ക്യാപ്റ്റന്‍ ജോ റൂട്ടിന്റ (226) ഇരട്ട സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് തുണയായത്. 101 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. നീല്‍ വാഗ്നര്‍ കിവീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 96 റണ്‍സെടുത്തിട്ടുണ്ട്. ഒരുദിനം മാത്രം ശേഷിക്കെ മത്സരത്തില്‍ ഫലം കണ്ടെത്തുക പ്രയാസമായിരിക്കും. 

ടോം ലാഥം (18), ജീത് റാവല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. കെയ്ന്‍ വില്യംസണ്‍ (37), റോസ് ടെയ്‌ലര്‍ (31) എന്നിവരാണ് ക്രീസില്‍. സാം കുറന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ 441 പന്തില്‍ ഒരു സിക്‌സും 22 ഫോറും ഉള്‍പ്പെടെയാണ് റൂട്ട് 226 റണ്‍സെടുത്തത്. റോറി ബേണ്‍സ് (101) ഒല്ലി പോപ് (75) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഒന്നാം ഇന്നിങ്‌സ് 105 റണ്‍സെടുത്ത ടോം ലാഥമാണ് കിവീസിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ടോസ് ടെയ്‌ലര്‍ (53), ബിജെ വാട്‌ലിങ് (55), ഡാരില്‍ മിച്ചല്‍ (73) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.