Asianet News MalayalamAsianet News Malayalam

വെല്ലിംഗ്‌ടണ്‍ ടെസ്റ്റ് ആവേശത്തിലേക്ക്; വില്യംസണ് സെഞ്ചുറിയില്ല; ഇശാന്തിന് മൂന്ന് വിക്കറ്റ്

15 ഓവറില്‍ ആറ് മെയ്‌ഡന്‍ അടക്കം 31 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ഷമിയും അശ്വിനും ഓരോ വിക്കറ്റ് സ്വന്തമാക്കി

New Zealand vs India 1st Test Day 2 Report
Author
Wellington, First Published Feb 22, 2020, 12:16 PM IST

വെല്ലിംഗ്‌ടണ്‍: വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിംഗ്‌സില്‍ 51 റണ്‍സ് ലീഡ്. ഇന്ത്യയുടെ 165 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ അഞ്ച് വിക്കറ്റിന് 216 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിക്കും. 15 ഓവറില്‍ ആറ് മെയ്‌ഡന്‍ അടക്കം 31 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ഷമിയും അശ്വിനും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

മിന്നല്‍ ബൗളിംഗ്; രണ്ടാംദിനം ഇശാന്തിന്‍റേത്

New Zealand vs India 1st Test Day 2 Report

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായിരുന്നു. 11 റണ്‍സെടുത്ത ടോം ലാഥമിനെ ഇശാന്ത് ശര്‍മ്മ പുറത്താക്കി. സഹ ഓപ്പണര്‍ ടോം ബ്ലെന്‍ഡലിനെ 30 റണ്‍സിലും ഇശാന്ത് പറഞ്ഞയച്ചു. മൂന്നാം വിക്കറ്റില്‍ വില്യംസണ്‍-ടെയ്‌ലര്‍ സഖ്യം 93 റണ്‍സ് ചേര്‍ത്തു. തന്‍റെ നൂറാം ടെസ്റ്റില്‍ 44 റണ്‍സെടുത്ത ടെയ്‌ലറെ 52-ാം ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് പുറത്താക്കിയതോടെ ഇന്ത്യക്ക് അടുത്ത ബ്രേക്ക് ത്രൂ ലഭിച്ചു. 

ഇതിനുശേഷം ന്യൂസിലന്‍ഡ് സ്‌കോറിംഗിന് തടയിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 153 പന്തില്‍ 89 റണ്‍സെടുത്ത വില്യംസണെ മുഹമ്മദ് ഷമി ജഡേജയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. വൈകാതെ ഹെന്‍‌റി നിക്കോള്‍സിനെ 17ല്‍നില്‍ക്കേ അശ്വിനും പുറത്താക്കി. സ്റ്റംപെടുക്കുമ്പോള്‍ 14 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിങ്ങും നാല് റണ്‍സെടുത്ത് കോളിന്‍ ഗ്രാന്‍‌ഹോമും ആണ് ക്രീസില്‍. 

സൗത്തി, ജമൈസണ്‍ ഷോ; ഇന്ത്യക്ക് കാലുറച്ചില്ല

New Zealand vs India 1st Test Day 2 Report

നാല് വിക്കറ്റുവീതം വീഴ്‌ത്തി ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ പുറത്തായി. 122/5 എന്ന സ്‌കോറില്‍ രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 43 റണ്‍സുകൂടിയെ ചേര്‍ക്കാനായുള്ളൂ. 

രണ്ടാംദിനം കളി ആരംഭിക്കുമ്പോള്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു ക്രീസില്‍. രഹാനെ 46 റണ്‍സിലും പന്ത് 19 റണ്‍സിലും പുറത്തായി. രവിചന്ദ്ര അശ്വിന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഇശാന്ത് ശര്‍മ്മ(5), മുഹമ്മദ് ഷമി(21) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്‍റെ സ്‌കോര്‍. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരെ ആദ്യദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. 

Follow Us:
Download App:
  • android
  • ios