ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പ് ശ്രദ്ധേയ നീക്കവുമായി കിവീസ്. രാജ്യത്തെ ഉയരക്കാരന്‍ പേസര്‍ കെയ്ല്‍ ജമൈസണ്‍ ഓക്‌ലന്‍ഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വ്യക്തമാക്കി. സ്‌കോട്ട് കുഗ്ഗലെജിന് പകരമാണ് കെയ്‌ല്‍ പ്ലേയിംഗ് ഇലവനിലെത്തുക. ഓക്‌ലന്‍ഡില്‍ നാളെയാണ് മത്സരം. 

നേരത്തെ ഓസ്‌ട്രേലിയ്‌ക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഇടംപിടിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഹാമില്‍ട്ടണില്‍ ഇന്ത്യക്കെതിരെ നടന്ന ആദ്യ ഏകദിനത്തിലും താരം പുറത്തിരുന്നു. ലെഗ് സ്‌പിന്നര്‍ ഇഷ് സോധിയെ എ ടീമിലേക്ക് മാറ്റിയതും കെയ്‌ലിന്‍റെ അരങ്ങേറ്റം ഉറപ്പാക്കി. ഹാമില്‍ട്ടണില്‍ നാല് വിക്കറ്റിന് വിജയിച്ച ന്യൂസിലന്‍ഡ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. 

ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ ബൗളറെന്ന് വിളിപ്പേരുള്ള ജമൈസണ്‍ ആറടി എട്ടിഞ്ചുകാരനാണ്(2.03 മീറ്റര്‍). 'കില്ലാ'യെന്നും 'ടു മീറ്റര്‍ പീറ്റര്‍' എന്നുമാണ് കെയ്ല്‍ ജമൈസണിന്‍റെ വിളിപ്പേര്. ഇന്ത്യ എക്കെതിരെ ന്യൂസിലന്‍ഡ് എയ്‌ക്കായി നടത്തിയ മികച്ച പ്രകടനമാണ് ജമൈസണ് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. മൂന്ന് അനൗദ്യോഗിക ഏകദിന മത്സരങ്ങളില്‍ 0-60, 2-69, 4-49 എന്നിങ്ങനെയായിരുന്നു ജമൈസണിന്‍റെ പ്രകടനം.