ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയെ രക്ഷിച്ച സെഞ്ചുറിയിലൂടെ കെ എല്‍ രാഹുല്‍ എത്തിപ്പിടിച്ചത് ഒന്നിലേറെ നേട്ടങ്ങള്‍. 62 റണ്‍സില്‍ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു രാഹുല്‍. നാലാം ഏകദിന സെഞ്ചുറി നേടിയ രാഹുല്‍ 113 പന്തില്‍ 112 റണ്‍സെടുത്തു. 

രാഹുലിന് മുന്നില്‍ വഴിമാറി കിംഗ് കോലി

ഇന്ത്യക്കായി ഏകദിനത്തില്‍ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നാല് സെഞ്ചുറി നേടുന്ന താരങ്ങളില്‍ രണ്ടാമതെത്താന്‍ രാഹുലിനായി. 31-ാം ഇന്നിംഗ്‌സിലാണ് രാഹുല്‍ നാലാം ശതകത്തിലെത്തിയത്. 24 ഇന്നിംഗ്‌സില്‍ നേട്ടത്തിലെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് മുന്നില്‍. 36 ഇന്നിംഗ്‌സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാംസ്ഥാനത്ത്. 

ദ്രാവിഡിന് ശേഷം ആദ്യം; ഏഷ്യക്ക് പുറത്ത് നേട്ടം

രാഹുല്‍ ദ്രാവിഡിന് ശേഷം ഏഷ്യക്ക് പുറത്ത് ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് കെ എല്‍ രാഹുല്‍. ടൗന്‍റണില്‍ 1999ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ദ്രാവിഡിന്‍റെ സെഞ്ചുറി. അന്ന് ദ്രാവിഡ് 145 റണ്‍സ് സ്വന്തമാക്കി. 2017 ജനുവരിക്ക് ശേഷം ഒരു ഇന്ത്യന്‍ താരം അഞ്ചോ അതില്‍ താഴെയോ നമ്പറില്‍ ഇറങ്ങി നേടുന്ന ആദ്യ സെഞ്ചുറിയാണിത്. കട്ടക്കില്‍ എം എസ് ധോണി ഇംഗ്ലണ്ടിനെതിരെ 134 റണ്‍സ് നേടിയതായിരുന്നു ഇതിനുമുന്‍പത്തെ സെഞ്ചുറി. 

രാഹുല്‍ വീണ്ടും തകര്‍ത്താടിയപ്പോള്‍ ബേ ഓവലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 296 റണ്‍സെടുത്തു. അഞ്ചാമനായിറങ്ങി രാഹുല്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്. 62 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍, 42 റണ്‍സുമായി മനീഷ് പാണ്ഡെ, 40 റണ്‍സെടുത്ത പൃഥ്വി ഷാ എന്നിവരുടെ ഇന്നിംഗ്‌സും ഇന്ത്യക്ക് സഹായകമായി. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇതിനകം കൈവിട്ട ഇന്ത്യ(0-2) ആശ്വാസജയം തേടിയാണിറങ്ങിയിരിക്കുന്നത്.