ബേ ഓവല്‍: ബേ ഓവല്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ശ്രേയസ് അയ്യര്‍. 52 പന്തില്‍ നിന്നാണ് ശ്രേയസിന്‍റെ എട്ടാം ഏകദിന അര്‍ധ സെഞ്ചുറി. എന്നാല്‍ 63 പന്തില്‍‍ 62 റണ്‍സെടുത്ത ശ്രേയസിനെ നീഷാം പുറത്താക്കി. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ 66 പന്തിലും ഫിഫ്‌റ്റിയിലെത്തി. 32 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 171/4 എന്ന സ്‌കോറിലാണ് ഇന്ത്യ. ഒരവസരത്തില്‍ 62-3 എന്ന സ്‌കോറിലായിരുന്ന കോലിപ്പട തിരിച്ചെത്തുകയായിരുന്നു. രാഹുലും മനീഷ് പാണ്ഡെയുമാണ് ക്രീസില്‍. 

മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി. കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്‍റെ പന്തില്‍ ജമൈസണ്‍ പിടിച്ചാണ് പുറത്താക്കിയത്. 12 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് കിംഗ് കോലിക്ക് നേടാനായത്. ഒന്‍പതാം ഓവറില്‍ ബെന്നറ്റിനെ 16 റണ്‍സടിച്ചെങ്കിലും ഷായ്‌ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 42 പന്തില്‍ 40 റണ്‍സെടുത്ത താരം ബെന്നറ്റിന്‍റെ 13-ാം ഓവറിലെ ആദ്യ പന്തില്‍ റണ്‍ഔട്ടായി. ഇതിന് ശേഷം 100 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റുകയായിരുന്നു ശ്രേയസും രാഹുലും. 

ബേ ഓവലില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് നിരയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തിരിച്ചെത്തി. ചാപ്‌മാനും ടോം ബ്ലെന്‍ഡലും പുറത്തിരിക്കുമ്പോള്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറും മടങ്ങിയെത്തി. 

ഇന്ത്യ ഇലവന്‍: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര