ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ വൈറ്റ്‌വാഷ് ഒഴിവാക്കാനാണ് ടീം ഇന്ത്യ ചൊവ്വാഴ്‌ച ഇറങ്ങുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് ബേ ഓവലിലെ മുന്‍കാല ചരിത്രം. ബേ ഓവലില്‍ അവസാനം കളിച്ച രണ്ട് ഏകദിനങ്ങളിലും വിജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ(2019) പര്യടനത്തിലായിരുന്നു രണ്ട് മത്സരങ്ങളും. 

ജനുവരി 28, 2019- ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു

ബേ ഓവലില്‍ അവസാനം കളിച്ച ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 243 റണ്‍സില്‍ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഷമി മൂന്നും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും യുസ്‌വന്ദ്ര ചാഹലും രണ്ട് വിക്കറ്റുവീതം നേടി. മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ(62), വിരാട് കോലി(60) എന്നിവരുടെ ബാറ്റിംഗില്‍ ഇന്ത്യ ഏഴ് ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തി. 

ജനുവരി 26, 2019- ഇന്ത്യക്ക് 90 റണ്‍സിന്‍റെ വിജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മ(87), ശിഖര്‍ ധവാന്‍(66), വിരാട് കോലി(43), അമ്പാട്ടി റായുഡു(47) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 324/4 എന്ന സ്‌കോറിലെത്തി. 10 ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് കുല്‍ദീപ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 234ന് പുറത്തായി. ഇത്തവണത്തെ പര്യടനത്തില്‍ ബേ ഓവലില്‍ ടി20 കളിച്ചപ്പോഴും ഇന്ത്യ വിജയിച്ചിരുന്നു. ഏഴ് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 

ബേ ഓവലിലും പേടിക്കണം ടെയ്‌ലറെ

ബേ ഓവലില്‍ ഇന്ത്യ ഭയക്കേണ്ടത് ഫോമിലുള്ള ന്യൂസിലന്‍ഡ് മധ്യനിര താരം റോസ് ടെയ്‌ലറെയാണ്. ഇവിടെ കളിച്ച ആറ് ഏകദിനങ്ങളില്‍ നാലിനും ടെയ്‌ലര്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 55 ശരാശരിയില്‍ 330 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഈ പരമ്പരയില്‍ മിന്നും ഫോമിലാണ് ടെയ്‌ലര്‍. 109*, 73* എന്നിങ്ങനെയാണ് റോസ് ടെയ്‌ലറുടെ സ്‌കോര്‍.