ഇന്നിംഗ്സ് ബ്രേക്കിനിടെ മഴ വില്ലനായി എത്തിയപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം എത്രയെന്നതില്‍ ബംഗ്ലാദേശ് ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ആകെ കണ്‍ഫ്യൂഷനായിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 28 റണ്‍സ് ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്പ്സിന്‍റെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന് 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ബംഗ്ലാദേശിനെ ചതിച്ചത് ഡക്ക്‌വര്‍ത്ത് ലൂയിസ്

ഇന്നിംഗ്സ് ബ്രേക്കിനിടെ മഴ വില്ലനായി എത്തിയപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം എത്രയെന്നതില്‍ ബംഗ്ലാദേശ് ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ആകെ കണ്‍ഫ്യൂഷനായിരുന്നു. മഴ മൂലം മത്സരം 16 ഓവറാക്കി വെട്ടിച്ചുരുക്കിയെങ്കിലും ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം അതിനനുസരിച്ച് കുറച്ചിരുന്നില്ല. ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 16 ഓവറില്‍ 148 റണ്‍സായി കുറച്ചുവെന്നാണ് തുടക്കത്തില്‍ ടീമിനെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്നിംഗ്സിലെ ഒമ്പത് പന്തുകള്‍ കഴിഞ്ഞപ്പോള്‍ കളി നിര്‍ത്തിവെച്ച അമ്പയര്‍മാര്‍ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 16 ഓവറില്‍ 170 റണ്‍സാണെന്ന് ഔദ്യോഗികമായി അറിയിച്ചു. 16 ഓവറില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 51 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ന്യൂസിലന്‍ഡിനായി ടിം സൗത്തിയും ഹാമിഷ് ബെന്നറ്റും ആദം മില്‍നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.