ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 41.5 ഓവറില്‍ 131ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 21.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഡ്യൂനെഡിന്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ജയം. എട്ട് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 41.5 ഓവറില്‍ 131ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 21.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. 

ട്രന്റ് ബോള്‍ട്ടിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. ജയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്. 27 റണ്‍സ് നേടിയ മഹ്‌മുദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

മുഷ്ഫിഖര്‍ റഹീം (23), ലിറ്റണ്‍ ദാസ് (19), തമീം ഇഖ്ബാല്‍ (13), സൗമര്‍ സര്‍ക്കാര്‍ (0), മുഹമ്മദ് മിതുന്‍ (9), മെഹിദി ഹസന്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. മഹേദി ഹസന്‍ (14), ടസ്‌കിന്‍ അഹമ്മദ് (10) എന്നിവരാണ് സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. 

മറുപടി ബാറ്റിങ്ങില്‍ ഹെന്റി നിക്കോള്‍സ് പുറത്താവാതെ നേടിയ 49 റണ്‍സ് ന്യൂസിലന്‍ഡിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (38), ഡെവോണ്‍ കോണ്‍വെ (27) എന്നിവരാണ് പുറത്തായ താരങ്ങള്‍. വില്‍ യങ് (11) പുറത്താവാതെ നിന്നു.